bird-fly-pic

TAGS

കാഴ്ചയിൽ കുയിലിനെ പോലയാണ് ഓനൺ. എന്നാൽ ഇന്ന് കരയിലുള്ള പക്ഷികളിൽ ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തിയ പക്ഷി എന്ന റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇവ. സാംബിയയിൽ നിന്നു ഏതാണ്ട് രണ്ടു മാസം മുൻപ് ശൈത്യകാലത്താണ് ഒാനൺ ദേശാടനം ആരംഭിച്ചത്. നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച്, ശക്തമായ കാറ്റ് അടക്കം പ്രതികൂലമായ കാലാവസ്ഥകളെ അതിജീവിച്ച്, ഒരു സമുദ്രവും കടന്ന നീണ്ട ദേശാടനം അവസാനിച്ചത് മംഗോളിയയിലാണ്.

കഴിഞ്ഞ വർഷം ഒാനൺ അടക്കം അഞ്ച് കുയിലുകളുടെ സഞ്ചാരപഥം കണ്ടെത്തുന്നതിനായി ഗവേഷകർ അവയുടെ ശരീരത്തിൽ സാറ്റ്‌ലെറ്റ് ടാഗുകൾ ഘടിപ്പിച്ചിരുന്നു. ഇതിലൂടെയാണ് ഇത്രയും നീണ്ട ദേശാടനം ഒാനൺ നടത്തിയെന്നു കണ്ടെത്തിയത്. മംഗോളിയയിലെ ഗവേഷകരും ബ്രിട്ടിഷ് ട്രസ്റ്റ് ഫോർ ഓർണിത്തോളജിയും സംയുക്തമായാണ് മംഗോളിയ കുക്കു പ്രോജക്ട് എന്ന പേരിൽ കുയിലുകളുടെ സഞ്ചാരത്തെക്കുറിച്ച് പഠനം നടത്തിയത്.

2019 ജൂണിലാണ് ഓനണിന് സാറ്റ്‌ലെറ്റ് ടാഗ് നൽകിയത്. 16 രാജ്യങ്ങളും 27 അതിർത്തികളും കടന്ന് 26000 കിലോമീറ്റർ ദൂരം അതിനുശേഷം ഒാനൺ സഞ്ചരിച്ചു. സഞ്ചാരത്തനിടെ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ വിശ്രമമില്ലാതെ നൂറു കണക്കിന് കിലോമീറ്ററുകൾ ഒണോൺ പറന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മണിക്കൂറിൽ  ശരാശരി 60 കിലോമീറ്റർ വേഗത്തിലാണ് ടാൻസാനിയ, കെനിയ, സോമാലിയ  എന്നീ പ്രദേശങ്ങളിലൂടെ ഒാനൺ സഞ്ചരിച്ചത്.

അറബിക്കടൽ കടന്നശേഷം ഇന്ത്യയ്ക്കും ബംഗ്ലാദേശിനും മുകളിലൂടെ വളരെ വേഗത്തിൽ പറന്നു നീങ്ങി. അതിനുശേഷം ചൈനയും ബർമയുമെല്ലാം കടന്നാണ് പ്രജനനം നടത്തുന്നതിനായി ഓനൺ മംഗോളിയയിൽ എത്തിച്ചേർന്നത്. ഒാനണിനൊപ്പം സാറ്റ്‌ലെറ്റ് ടാഗുകൾ നൽകിയ മറ്റ് നാലു കുയിലുകൾക്ക് പക്ഷേ ലക്ഷ്യസ്ഥാനത്തെത്താൻ സാധിച്ചില്ല.