സ്കൂള്‍ കന്‍റീനില്‍ ഭക്ഷണം വിളമ്പുന്ന ഒരു റോബോട്ടിന്റെ കൗതുകവിശേഷങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ന് ലോകം. കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ നിന്നു തന്നെയാണ് കോവിഡ് മുന്‍കരുതലിന്റെ ഭാഗമായ സപ്ലെയര്‍ റോബോട്ടിന്റെയും വാര്‍ത്ത. ഷാങ്ഹായിലെ ഒരു സ്കൂളില്‍ റോബോട്ട് ഭക്ഷണം വിളമ്പുന്ന കാഴ്ചയിലേക്ക്.
സിനിമകളില്‍ മാത്രം പരിചയമുള്ള രംഗമാണ് ഷാങ്ഹായിലെ മിനിഹാങ് സ്ക്കൂളിലെ കന്റീനില്‍ കാണുന്നത്. മനുഷ്യരുണ്ടാക്കുന്ന ഭക്ഷണം വിളമ്പാന്‍ കന്‍റീന്‍ ജീവനക്കാരന്‍റെ തസ്തികയില്‍ മൂന്ന് മീറ്റര്‍ നീളമുള്ള മഞ്ഞ റോബോട്ട്. ഒക്ടോബറില്‍ സ്ക്കൂള്‍ തുറന്നപ്പോള്‍ കോവിഡ് രണ്ടാംതരംഗത്തെ മുന്നില്‍ക്കണ്ടാണ് ജീവനക്കാര്‍ റോബോട്ട് എന്ന ആശയത്തെക്കുറിച്ച് ചിന്തിച്ചത്. ഉച്ചയാകുമ്പോഴേക്കും പാചകക്കാര്‍ ഒരുക്കിവച്ച ചിക്കനും, മുട്ടയുമെല്ലാം റോബോട്ട് ഒവനില്‍ വച്ച് ചൂടാക്കും. കുട്ടികള്‍ വന്നു തുടങ്ങുമ്പോള്‍ പാത്രങ്ങളില്‍ അവ നിരത്തി ട്രേകളില്‍ വയ്ക്കും. കണ്‍വെയര്‍ ബെല്‍റ്റിലൂടെ ഭക്ഷണം നേരെ കുട്ടികളുടെ അടുത്തേക്ക്. ഭക്ഷണത്തിലെ ഉപ്പിന്‍റെയും മുളകിന്‍റെയും കൃത്യമായ അളവ് രുചിച്ച് നോക്കാതെ തന്നെ റോബോട്ടിനറിയാം.
തീന്‍മേശ വഴിയുള്ള കോവിഡ് ഭീതി റോബോട്ട് വന്നതോടെ ഇല്ലാതായെന്ന് സ്കൂള്‍ ജീവനക്കാര്‍ പറയുന്നു. റോബോട്ടിന്‍റ വരവ് ലോകം അറിഞ്ഞതോടെ സമാന രീതിയിലുള്ള റോബോട്ടിനായുള്ള അന്വേഷണങ്ങള്‍ കൂടിവരുന്നതായി നിര്‍മാതാക്കളായ ക്സിസിയാങ് ഇന്‍റലിജന്‍റ് കിച്ചണ്‍സ് വെളിപ്പെടുത്തി . ഹോട്ടലുകളിലേയ്ക്കും ആശുപത്രികളിലേയ്ക്കുമാണ് കൂടുതല്‍ ആവശ്യം. സമൂഹമാധ്യമങ്ങളില്‍ ഇതിനകം തരംഗമായി മാറിയ കന്റീന്‍ റോബോട്ടിന്റെ ഖ്യാതി കൂടുതല്‍ മേഖലകളിലേക്ക് വളരുകയാണ്