നിജ്ജര്‍ വധം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെയാണെന്ന മാധ്യമ വാര്‍ത്ത തള്ളി കനേഡിയന്‍ സര്‍ക്കാര്‍. ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് വിശദീകരണം. ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മലക്കംമറിച്ചില്‍.

കഴിഞ്ഞ ദിവസം ഒരു കനേഡിയന്‍ മാധ്യമമാണ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന നിലയില്‍ പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. നിജ്ജര്‍ വധം നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും അറിയാമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കനേഡിയന്‍ സര്‍ക്കാരിന്‍റെ നിലപാടല്ലെന്നും ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൂയിന്‍ വ്യക്തമാക്കി. വാര്‍ത്ത തെറ്റായതും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണെന്നും പ്രസ്താവനയില്‍ പറയുന്നു. 

പ്രധാനമന്ത്രിക്കെതിരായ ആരോപണം പുറത്തുവന്നയുടന്‍ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. റിപ്പോര്‍ട്ട് അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും നിലവില്‍ മോശമായ ഇന്ത്യ– കാനഡ ബന്ധം കൂടുതല്‍ വഷളാക്കാനെ ഇത്തരം നടപടികള്‍ വഴിവക്കൂവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പിന്നാലെയാണ് കാനഡയുടെ മലക്കംമറിച്ചില്‍. കഴിഞ്ഞ ഒരുവര്‍ഷമായി നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തെയും നയതന്ത്ര ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കാനഡ ആദ്യമായാണ് തെളിവില്ലെന്ന് സമ്മതിക്കുന്നത്.

ENGLISH SUMMARY:

The Canadian government has rejected media reports suggesting that the murder of Hardeep Singh Nijjar was known to Prime Minister Narendra Modi. The government clarified that such claims are unfounded.