അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ നിര്‍മിച്ച ആദ്യത്തെ ജീവിക്കുന്ന റൊബോട്ടുകള്‍ക്ക് സന്താനങ്ങളെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് കണ്ടെത്തല്‍. സെനോബോട്ടുകള്‍ എന്ന് വിളിക്കുന്ന ഈ റോബോട്ടുകള്‍ ജീവജാലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ രീതിയിലൂടെയാണ് സന്താനോല്‍പാദനം നടത്തുന്നത്. സിഎന്‍എന്നാണ് സ്വയം വംശവര്‍ധന നടത്താന്‍ ശേഷിയുള്ള റോബോട്ടുകളെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

 

ആഫ്രിക്കന്‍ ക്ലൗഡ് ഫ്രോഗുകളുടെ വിത്തുകോശങ്ങളില്‍ നിന്നാണ് സെനോബോട്ടുകളെ നിര്‍മിച്ചെടുത്തത്. ഏതാണ്ട് ഒരു മില്ലീമീറ്ററോളം മാത്രം വലുപ്പമുള്ളവയാണിവ. 2020ലാണ് ആദ്യമായി ഇവയെ ആദ്യമായി ഗവേഷകര്‍ പരസ്യമാക്കിയത്. കൂട്ടമായി സഞ്ചരിക്കാനും ഒരുമിച്ച് ജോലികളില്‍ ഏര്‍പ്പെടാനും സ്വയം മുറിവുണക്കാനും ശേഷിയുണ്ട് സെനോബോട്ടുകള്‍ക്ക്. സാധാരണ ജീവജാലങ്ങളില്‍ കണ്ടുവരുന്ന വംശവര്‍ധന രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് സെനോബോട്ടുകളുടെ പ്രവര്‍ത്തനം. 

 

വെര്‍മോണ്ട് സര്‍വകലാശാല, ടുഫ്റ്റ്‌സ് സര്‍വകലാശാല, ഹാര്‍വാഡ് സര്‍വകലാശാലയിലെ വേസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കലി ഇന്‍സ്പയേഡ് എൻജിനീയറിങ് എന്നിവര്‍ ചേര്‍ന്നാണ് ഇങ്ങനെയൊരു റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 'ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു അത്. തവളകള്‍ക്ക് വംശവര്‍ധനവിന് അവയുടേതായ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ ഭ്രൂണങ്ങളില്‍ നിന്നും വേര്‍പെടുത്തി സ്വതന്ത്രമാക്കിയ കോശങ്ങള്‍ തികച്ചും വ്യത്യസ്തമായാണ് പ്രതികരിച്ചത്. സഞ്ചരിക്കാന്‍ മാത്രമല്ല സന്താനോല്‍പാദനത്തിനും അവര്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി' എന്നും ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ജീവശാസ്ത്രവിഭാഗം പ്രൊഫസറും പുതിയ പഠനത്തിന്റെ സഹ രചയിതാവുമായ മിഖായേല്‍ ലെവിന്‍ പറഞ്ഞു. 

 

∙ റോബോട്ടോ അതോ ജീവിയോ?

 

വ്യത്യസ്ത കോശങ്ങളായി രൂപമാറ്റം സംഭവിക്കാന്‍ ശേഷിയുള്ളവയാണ് വിത്തുകോശങ്ങള്‍. തവളകളുടെ ഭ്രൂണങ്ങളില്‍ നിന്നും പുറത്തെടുത്ത വിത്തുകോശങ്ങളെ സ്വതന്ത്രമായി വിരിയാന്‍ അനുവദിച്ചാണ് ഗവേഷകര്‍ സെനോബോട്ടുകള്‍ നിര്‍മിച്ചത്. ജനിതകപരമായ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ ഇതിലൊന്നും ഉണ്ടായിട്ടില്ല. 

 

'റോബോട്ട് എന്ന് കേള്‍ക്കുമ്പോള്‍ പൊതുവേ എല്ലാവരും കരുതുക ലോഹങ്ങള്‍ കൊണ്ടോ മറ്റേതെങ്കിലും കൃത്രിമ വസ്തുക്കള്‍ കൊണ്ടോ നിര്‍മിച്ച വസ്തുവെന്നാണ്. സത്യത്തില്‍ അവയുടെ പ്രവൃത്തിയാണ് റോബോട്ടുകളെ നിര്‍ണയിക്കുന്നത്. അതേസമയം ആദ്യം പറഞ്ഞ രീതിയില്‍ ചിന്തിച്ചാല്‍ സെനോബോട്ടുകള്‍ റോബോട്ടുകളല്ല. മറിച്ച് ജനിതകമായി പരിഷ്‌കരിച്ചിട്ടില്ലാത്ത സൂഷ്മജീവികളാണ്' റോബോട്ടിക് വിദഗ്ധനും പഠനത്തിന് നേതൃത്വം നല്‍കിയ ആളുമായ ജോഷ് ബോഗാര്‍ഡ് പറയുന്നു. 

 

ആദ്യഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട സെനോബോട്ടുകള്‍ക്ക് കുന്തത്തിന്റെ ആകൃതിയായിരുന്നു. എന്നാല്‍ ഈ സെനോബോട്ടുകള്‍ അപൂര്‍വമായി മാത്രമാണ് പുനരുല്‍പാദനം നടത്തിയിരുന്നത്. 

 

നിര്‍മിത ബുദ്ധിയുടെ കൂടി സഹായത്തില്‍ ഏത് ആകൃതിയിലുള്ളപ്പോഴാണ് സെനോബോട്ടുകള്‍ക്ക് കൂടുതല്‍ സന്താനോല്‍പാദനത്തിനുള്ള ശേഷി ലഭിക്കുകയെന്ന് ഗവേഷകര്‍ പരിശോധിച്ചു. അങ്ങനെയാണ് പാക്മാന്‍ എന്ന 80കളിലെ പ്രസിദ്ധമായ കംപ്യൂട്ടര്‍ ഗെയിമിന് സമാനമായ C ആകൃതിയാണ് ഏറ്റവും മികച്ചതെന്ന് തിരിച്ചറിഞ്ഞത്. ഈ ആകൃതിയിലുള്ളപ്പോള്‍ സെനോബോട്ടുകള്‍ നൂറുകണക്കിന് ചെറു വിത്തുകോശങ്ങളെ വായില്‍ ശേഖരിക്കും. ദിവസങ്ങള്‍ക്ക് ശേഷം ഈ വിത്തുകോശങ്ങളുടെ കൂട്ടം പുതിയൊരു സെനോബോട്ടായി മാറുകയും ചെയ്യും. 

 

സെനോബോട്ടുകളുടെ ആകൃതി തന്നെയാണ് പ്രധാന സവിശേഷതയായി വിലയിരുത്തപ്പെടുന്നതും. സെനോബോട്ടുകളെ ഇപ്പോഴും പാകത വരാത്ത അത്രയും നേരത്തെയുള്ള സാങ്കേതികവിദ്യയായാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. പ്രായോഗികമായി എങ്ങനെ ഉപയോഗിക്കാം എന്ന ധാരണയില്ലാത്ത 1940കളിലെ കംപ്യൂട്ടറുകളുമായാണ് ഇവ താരതമ്യപ്പെടുത്തുന്നത്. സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രൊജക്ട്‌സ് ഏജന്‍സിയുടെ ധനസഹായത്തിലാണ് സെനോബോട്ടിന്മേലുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. ശാസ്ത്രജേണലായ പിഎൻഎഎസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

കടപ്പാട്: മനോരമ ഓൺലൈൻ