TAGS

സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അഫ്‌ഗാൻ സ്ത്രീകൾ മുഖം മുഴുവനായി മറയ്ക്കണമെന്നും ആവശ്യമെങ്കിൽ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും താലിബാൻ. അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഓഗസ്റ്റിൽ അധികാരമേറ്റ ശേഷം പ്രധാന സർക്കാർ സർവീസിൽ നിന്നെല്ലാം സ്ത്രീകളെ പിരിച്ചുവിട്ടിരുന്നു. ഇവരിൽ ചില സ്ത്രീകളെ പുതിയ വ്യവസ്ഥകൾ തയാറായ ശേഷം ജോലിക്ക് തിരിച്ചെടുക്കുമെന്ന് താലിബാൻ വ്യക്തമാക്കി.   

 

മുഖവും ശരീരവും മറയ്ക്കാതെ സ്ത്രീകൾ  പുറത്തിറങ്ങി ജോലിക്ക് പോകരുതെന്ന് കഴിഞ്ഞ ദിവസം താലിബാൻ സർക്കാരിന്റെ മൂല്യബോധന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇങ്ങനെ ചെയ്യാത്ത സ്ത്രീകൾക്ക് ജോലി നഷ്ടപ്പെടുമെന്നും സർക്കാർ മുന്നറിയിപ്പിൽ വ്യക്തമാക്കി. 'സ്ത്രീകൾക്ക് ആവർ ആഗ്രഹിക്കുന്ന വിധത്തിൽ ഹിജാബ് പിന്തുടരാം. എന്നാൽ വസ്ത്രധാരണത്തിൽ വിട്ടുവീഴ്‌ചകൾ പാടില്ല. ശരീരം പൂർണമായി മറയ്ക്കണം. ബ്ലാങ്കറ്റ് അണിയേണ്ടിവന്നാൽ അങ്ങനെ ചെയ്യണം'- താലിബാൻ പ്രതിനിധി മുഹമ്മദ് സദേഖ് അഖിഫ് മുഹാജിർ രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു. 

 

ജനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് മൃദുസമീപനം പുലർത്തുമെന്ന വാഗ്ദാനവുമായി അധികാരത്തിൽ പ്രവേശിച്ച താലിബാൻ, പൊതുയിടങ്ങളിൽ സംഗീതം നിരോധിക്കുകയും സ്ത്രീകൾ പങ്കെടുത്ത ടിവി പരിപാടികൾ നിരോധിക്കുകയും ചെയ്തിരുന്നു. അഫ്ഗാനിൽനിന്നു തനിച്ചു ദൂരയാത്രകൾ ചെയ്യാൻ സ്ത്രീകൾക്കു സാധിക്കില്ലെന്നു താലിബാൻ നേരത്തേ പറഞ്ഞിരുന്നു. പുരുഷ കുടുംബാംഗം ഒപ്പമില്ലാതെ ഒരു സ്ത്രീക്ക് 72 കിലോമീറ്ററിനപ്പുറം യാത്ര ചെയ്യാൻ അനുമതിയില്ല.

 

ഹിജാബുകൾ അണിയാത്ത വനിതകൾക്കു വാഹന ഉടമകൾ ലിഫ്റ്റ് നൽകരുതെന്നും അഫ്‌ഗാൻ സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു. വനിതാ മാധ്യമപ്രവർത്തകർ ടിവിയിൽ വാർത്താവതരണം നടത്തുമ്പോൾ ഹിജാബ് ധരിച്ചിരിക്കണം. വാഹനങ്ങളിൽ സംഗീതം പാടില്ല. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കിയിരുന്നെങ്കിലും നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായി. സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണം സംബന്ധിച്ചും ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു.