protest

ഇറാനില്‍ പ്രതിഷേധക്കൊടുങ്കാറ്റിന് പിന്നാലെ താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലും വനിതാ പ്രക്ഷോഭം. അഫ്ഗാനിസ്ഥാനിന്റെ തലസ്ഥാനമായ കാബൂളില ഇറാൻ എംബസിക്ക് മുന്നിലാണ് വൻ പ്രക്ഷോഭം അരങ്ങേറിയത്. മുപ്പതോളം വനിതകള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും ബാനറുകളുമായി ഇരമ്പി എത്തി. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ താലിബാന്‍ സൈനികര്‍ ആകാശത്തേക്ക് വെടിവെച്ചതായി എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാരുടെ മുന്നിൽ വച്ച് സൈനികർ ബാനറുകൾ വലിച്ചുകീറി. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരോട് അത് ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു.

 

ഇറാനിലെ സ്ത്രീകളുടെ പ്രക്ഷോഭത്തിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതിനിടെയാണ്, അഫ്ഗാനിസ്ഥാനിലും സ്ത്രീകള്‍ തെരുവിലിറങ്ങിയത്. തങ്ങളും സമാന അവസ്ഥയിലെന്ന് അവർ മുദ്രവാക്യം വിളിച്ചു.  സൈന്യം കാവൽ നിൽക്കുന്ന എംബസിക്കു മുന്നിലേക്ക് സ്ത്രീകള്‍ മുദ്രാവാക്യങ്ങളുമായി ഇരമ്പി എത്തുകയായിരുന്നു. ആകാശത്തേക്ക് നിറയൊഴിച്ച താലിബാന്‍കാര്‍, പ്രകടനമായെത്തിയ സ്ത്രീകളെ കൈകാര്യം ചെയ്യുകയായിരുന്നു.