വിദേശരാഷ്ട്രത്തലവന്മാരും നേതാക്കളും നൽകിയ സമ്മാനങ്ങൾ നിയമവിരുദ്ധമായി വിറ്റ് ലാഭം നേടിയ കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയ തിരഞ്ഞെടുപ്പു കമ്മിഷൻ, പദവികൾ വഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കി. 5 വർഷത്തേക്കാണു വിലക്കെന്ന് നിയമന്ത്രി അസം നസീർ പറഞ്ഞു. പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാന്റെ ദേശീയ അസംബ്ലി അംഗത്വം ഇതോടെ റദ്ദായി.
2018 മുതൽ 4 വർഷം പ്രധാനമന്ത്രിയായിരുന്നപ്പോൾ 14 കോടി പാക്ക് രൂപ (ഏകദേശം 5.25 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന വാച്ച് ഉൾപ്പെടെ സമ്മാനങ്ങൾ ഇമ്രാൻ ഖാൻ വാങ്ങുകയും വിൽക്കുകയും ചെയ്തെന്നാണ് കുറ്റപത്രത്തിൽ ആരോപിച്ചത്. ആദ്യം സർക്കാരിനെ ഏൽപിച്ച വസ്തുക്കൾ പിന്നീട് കുറഞ്ഞ വിലയ്ക്ക് ലേലത്തിൽ വാങ്ങുകയും അനേകം ഇരട്ടി വിലയ്ക്ക് പൊതുവിപണിയിൽ വിൽക്കുകയും ചെയ്തതായി ഇമ്രാൻതന്നെ സമ്മതിച്ചിരുന്നു.
പദവിയെ വരുമാനമാർഗമായി ഇമ്രാൻ ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് കമ്മിഷൻ വിധിയെ സ്വാഗതം ചെയ്തുകൊണ്ടു പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് പറഞ്ഞു. ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്) പ്രതികാരം ചെയ്യുകയാണെന്നാരോപിച്ച് ഇമ്രാന്റെ അനുയായികൾ തെരുവിലിറങ്ങി.