pak-visit

TAGS

രാജ്യസഭ എംപിയുടെ പാക് സന്ദർശനത്തിന് അനുമതി നൽകുന്നതിൽ വ്യത്യസ്ത നിലപാടുമായി ആഭ്യന്തരമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും. ആർ ജെ ഡി -  എംപി മനോജ് ഝാക്ക് ആഭ്യന്തരമന്ത്രാലയം യാത്രാനുമതി നൽകിയപ്പോൾ വിദേശ കാര്യ മന്ത്രാലയം നിരസിച്ചു. പാക് മനുഷ്യാവകാശ പ്രവർത്തക അസ്മ ജഹാംഗീറിന്റെ സ്മരണാർത്ഥം നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അനുമതി തേടിയത്. ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളെ ഉയർത്തിക്കാട്ടാനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടതെന്ന് മനോജ് ഝാ മനോരമ ന്യൂസിനോട് പറഞ്ഞു.

ഒക്ടോബർ 22 ന് പാക് മനുഷ്യാവകാശ പ്രവർത്തക അസ്മ ജഹാംഗീറിന്റെ സ്മരണാർത്ഥം ലാഹോറിൽ നടക്കുന്ന പരിപാടിയിൽ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്ക് എന്ന വിഷയത്തിൽ  സംസാരിക്കാനാണ് രാജ്യസഭ എംപിയും ആർ ജെ ഡി നേതാവുമായ മനോജ് ഝാക്ക് ക്ഷണം ലഭിച്ചത്. യാത്രാനുമതിക്കായി ആഭ്യന്തരമന്ത്രാലയത്തിനും വിദേശ കാര്യമന്ത്രാലയത്തിനും അപേക്ഷ നൽകി. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിദേശ സംഭാവന നിയമ പ്രകാരമുള്ള അനുമതി ലഭിച്ചു. എന്നാൽ യാത്രാനുമതി നൽകാനാകില്ലെന്ന നിലപാടിലാണ് വിദേശകാര്യ മന്ത്രാലയം. 

ജനാധിപത്യ അവകാശങ്ങൾക്കായി  പാർലമെന്റിലും പുറത്തും എങ്ങനെ പോരാടുന്നുവെന്ന് വിശദീകരിക്കാൻ അനുവദിക്കാതിരുന്നത് നിർഭാഗ്യകരമെന്നും മനോജ് ഝാ കൂട്ടിച്ചേർത്തു. ഒക്‌ടോബർ 20ന് വാഗാ അതിർത്തിയിലൂടെ പാകിസ്താനിലേക്ക് കടക്കാനും 24ന് മടങ്ങാനുമായിരുന്നു മനോജ് ഝാ അനുമതി തേടിയത്.