ഗ്രീസില്‍ 57 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം പടരുന്നു. ഇന്നലെ, തൊഴിലാളി സംഘടനകളും വിദ്യാര്‍ഥി യൂണിയനുകളും സമരത്തിനിറങ്ങിയതോടെ ഏഥന്‍സ് ഉള്‍പ്പെടെ പ്രധാന നഗരങ്ങളെല്ലാം സ്തംഭിച്ചു.

 

ഫെബ്രുവരി 28 നാണ് ഗ്രീസില്‍ യാത്രാട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 57 പേര്‍ മരിച്ചത്. റെയില്‍വെയുടെ മോശം അവസ്ഥയും സര്‍ക്കാരുകളുടെ കാലങ്ങളായുള്ള അവഗണനയുമാണ് അപകടത്തിന് കാരണമെന്നാരോപിച്ച് അന്നുമുതല്‍ പ്രതിഷേധവും തുടങ്ങിയിരുന്നു. ഇന്നലെ ഏഥന്‍സില്‍ മാത്രം മുപ്പതിനാരത്തിലധികം പേര്‍‌ പ്രതിഷേധവുമായി ഇറങ്ങി. ഇതോടെ റോഡ്, റെയില്‍ ഗതാഗതം ഏറെക്കുറെ പൂര്‍ണമായി തടസപ്പെട്ടു. ബോട്ട് സര്‍വീസുകളും നിലച്ചു. രണ്ടാമത്തെ വലിയ നഗരമായ തെസലോനികിയില്‍ ഇരുപതിനായിരത്തിലധികം പേരും പ്രതിഷേധത്തില്‍ അണിനിരന്നു. 

 

പലയിടത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. അപകടം നടന്ന ലാറിസയില്‍ കറുത്ത ബലൂണുകളുമായി വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. അതേസമയം അപകടത്തെ കുറിച്ച് വിശദീകരിക്കാന്‍ അധികൃതര്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയെങ്കിലും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ഉണ്ടായില്ല.

 

ഗ്രീസില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന റെയില്‍വെയുടെ നടത്തിപ്പ് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്് 2017 ല്‍ ഇറ്റാലിയലന്‍ കമ്പനിക്ക് കൈമാറിയിരുന്നു.

 

Greece train accident; protest continues