Authorities at the site after a truck collided with Mumbai-Amravati Express at Bodwad Railway station, in Jalgaon on Friday. (ANI Photo)
മഹാരാഷ്ട്രയില്‍ റെയിൽവേ ക്രോസിങില്‍ കുടുങ്ങിയ ലോറിയില്‍ മുംബൈ അമരാവതി എക്സ്പ്രസ് ഇടിച്ചുകയറി അപകടം. അപകട ശേഷമുള്ള നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തലനാരിഴയ്ക്കാണ് ആളുകള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. എല്ലാ യാത്രക്കാരും ലോറി ഡ്രൈവറും സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതായും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 4:30 ഓടെയാണ് ഗോതമ്പ് കയറ്റിയ ട്രക്ക് റെയിൽവേ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ലെവല്‍ക്രോസില്‍ കുടുങ്ങിയത്. വളരെക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു ലെവല്‍ക്രോസ്. ഇതിന് പകരമായി ഒരു ഓവർ ബ്രിഡ്ജ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ലോറി ഡ്രൈവര്‍ പഴയ ലെവൽ ക്രോസിലൂടെ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ലെവല്‍ക്രോസിന്‍റെ സ്റ്റോപ്പർ തകർത്ത് പാളത്തിലേക്ക് കടക്കുകയായിരുന്നു. ഇതുകണ്ട ലോക്കോ പൈലറ്റ് ട്രെയിനിന്‍റെ വേഗത കുറച്ചതാണ് വലിയ അപകടം ഒഴിവാക്കിയത്. ലോറിയില്‍ നിന്ന് പുറത്തിറങ്ങിയ ഡ്രൈവര്‍ ലെവല്‍ക്രോസ് കടക്കാന്‍ ആളുകളുടെ സഹായം തേടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അതിനാല്‍ ലോറി തകര്‍ന്ന് തരിപ്പണമായെങ്കിലും ഡ്രൈവര്‍ രക്ഷപ്പെട്ടു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ഇടിയുടെ ആഘാതത്തില്‍ ട്രക്ക് രണ്ടായി പിളര്‍ന്നത് കാണാം. എഞ്ചിനിൽ നിന്ന് പുകയും പുറത്ത് വരുന്നുണ്ട്. ലോറിയുടെ മുൻഭാഗം ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങിയതായി വിഡിയോയിലുണ്ട്. അപകടത്തില്‍ ട്രെയിനിന്റെ എഞ്ചിന് കാര്യമായി കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അതേസമയം റെയില്‍വേയുടെ ഓവർഹെഡ് ഇലക്ട്രിക് വയറുകൾ ഉൾപ്പെടെയുള്ളവ തകരുകയും ഇത് റെയിൽവേ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ ലോറിയുടെ ഡ്രൈവര്‍ പൂവരസുവിനെ ബോദ്‌വാഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ ലോറിയുടെ ബ്രേക്കുകൾ പെട്ടെന്ന് തകരാറിലായതായി കണ്ടെത്തിയിട്ടുണ്ട്. വാഹനമോടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് ഡ്രൈവര്‍ പറയുന്നത്. സംഭവത്തില്‍ കൂടുതൽ അന്വേഷണം തുടരുകയാണ്. ലോറി സ്പീഡ് ബ്രേക്കർ കടന്നപ്പോൾ അമിതവേഗതിലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. റോഡിൽ സ്കിഡ് ചെയ്ത അടയാളങ്ങളുമുണ്ട്. ട്രെയിനില്‍ സഞ്ചരിച്ച ഹ്രസ്വദൂര യാത്രക്കാരെ ഏഴ് ബസുകളില്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചു. പത്തുമണിയോടെ ഡീസൽ ലോക്കോമോട്ടീവ് ഘടിപ്പിച്ച ശേഷമാണ് അമരാവതി എക്സ്പ്രസ് യാത്ര തുടര്‍ന്നത്.