പ്രോട്ടീന്‍ ഡ്രിങ്കുകളില്‍ ആരോഗ്യ മുന്നറിയിപ്പ് നല്‍കണമെന്ന് നിര്‍ദേശിച്ച് ബ്രിട്ടണ്‍. ലണ്ടന്‍ സ്വദേശിയായ കൗമാരക്കാരന്റെ മരണത്തെ തുടര്‍ന്നാണ് നടപടി. മെലിഞ്ഞ ശരീരം മാറി മസിലുകള്‍ ദൃഢപ്പെടാനായി പ്രോട്ടീന്‍ ഡ്രിങ്ക് കുടിച്ച റോഹന്‍ ഗൊധാനിയയെന്ന കുട്ടി 2020 ഓഗസ്റ്റ് 15 ന് മരിച്ച സംഭവത്തിലാണ് തീരുമാനം. പ്രോട്ടീന്‍ ഡ്രിങ്ക് ഷെയ്ക്ക് കുടിച്ച കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിന് ക്ഷതമേറ്റതിനാല്‍ മൂന്നാം ദിവസം മരിക്കുകയായിരുന്നു.

 

കുട്ടിയുടെ പിതാവാണ് പ്രോട്ടീന്‍ ഡ്രിങ്ക് വാങ്ങി നല്‍കിയത്. ഇത് കുടിച്ച റോഹന് ഒടിസി(ornithine transcarbamylase) ഡെഫിഷ്യന്‍സി ഉണ്ടായെന്നും ഇതോടെ രക്തത്തിലെ അമോണിയയുടെ അളവ് ക്രമം തെറ്റുകയും അപകടകരമായ നിലയിലേക്ക് മാറുകയും ചെയ്തുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. 

 

പോസ്റ്റ്മോര്‍ട്ടത്തില്‍ ഇത് ആദ്യം കണ്ടെത്താനായിരുന്നില്ല. പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്. ഒടിസി കുറവ് അനുഭവപ്പെടുന്നവരില്‍ അമോണിയ വിഘടിക്കപ്പെടില്ലെന്നും ഇത് രക്തചംക്രമണ പ്രക്രിയയില്‍ വേണ്ടതിലുമധികം അമോണിയ എത്താനിടയാകുമെന്നും പ്രോട്ടീന്‍ വളരെ കൂടുതലായ അളവില്‍ എത്തുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് ആരോഗ്യപരമായ മുന്നറിയിപ്പ് അടിയന്തരമായി ഇത്തരം പാനീയങ്ങളില്‍ നല്‍കണമെന്ന് ശുപാര്‍ശ ചെയ്യുന്നതെന്ന് കൊറോണര്‍ ടോം ഒസ്ബോണ്‍ വ്യക്തമാക്കി. 

 

 

Protein drinks should carry warning, aays UK official after 16 year old boy's death