വിമാനത്തിന്‍റെ ചക്രത്തിനിടിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയതായി ഹവായ് ഗതാഗത വകുപ്പ് അറിയിച്ചു. മൗയിയിലെ കഹുലുയി വിമാനത്താവളത്തിലെത്തിയ യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ചക്രത്തിനിടയില്‍ നിന്നുമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 24ന് രാവിലെ ഷിക്കാഗോയിലെ ഒ'ഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുമാണ് വിമാനം പുറപ്പെട്ടത്. ഉച്ചയ്ക്ക് കഹുലുയി വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്തുന്നതിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിമാനത്തിലെ പ്രധാന ലാൻഡിങ് ഗിയറുകളിലൊന്നിൻ്റെ ചക്രത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു. സംഭവത്തിൽ മൗയി പൊലീസ് അന്വേഷണം ആരംഭിച്ചു. മരണപ്പെട്ട വ്യക്തി എങ്ങനെയാണ് ചക്രത്തിനിടയില്‍ അകപ്പെട്ടത് എന്നതിനെ കുറിച്ചുളള കാര്യങ്ങള്‍ വ്യക്തമല്ലെന്ന് യുണൈറ്റഡ് എയർലൈൻസ് വക്താവ് പറഞ്ഞു. മരണപ്പെട്ട വ്യക്തിയെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
നാടുകടക്കാന്‍ വിമാനത്തിന്‍റെ ചക്രത്തിനിടയില്‍ ഒളിച്ചിരിക്കുന്ന തരത്തിലുളള പ്രവര്‍ത്തികള്‍ നിയമവിരുദ്ധമാണ്. അതിലേറെ അതീവ അപകടകരവും. ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച് ദാരുണമായി മരണം വരിച്ചവരും നിരവധിയാണ്. അത്തരത്തില്‍ യാത്ര ചെയ്യാനുളള ശ്രമത്തിനിടെ സംഭവിച്ചതാണോ ഈ അപകടമെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.