Screen grab from the video uploaded by AiTelly

അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ടൈറ്റന്‍ അപകടത്തിന് പിന്നാലെ ടൈറ്റന്‍ സബ്മറൈന്‍ ദുരന്തത്തിന്‍റെ ആനിമേഷന്‍ കാഴ്ചകള്‍ വൈറലാകുന്നു. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ് AiTelly എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോ. ജൂൺ 30 ന് പോസ്റ്റ് ചെയ്ത വി‍ഡിയോ 12 ദിവസത്തിനുള്ളിൽ 6 മില്യണിലധികം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. 

 

ടൈറ്റന്‍ ദുരന്തത്തിനിടയാക്കിയ സ്ഫോടനത്തിന്‍റെ കാരണമാണ് വിഡിയോയില്‍ വിശദീകരിക്കുന്നത്. സമുദ്രത്തിന്‍റെ അടിത്തട്ടില്‍ വച്ച് സംഭവിച്ച കറ്റാസ്ട്രോഫിക് ഇംപ്ലോഷനാണ് ടൈറ്റന്‍ ദുരന്തത്തിനിടയാക്കിയത് എന്നാണ് നിഗമനം. ഒരു വസ്തു അതിന്റെ അകത്തേയ്ക്ക് ഉള്‍വലിഞ്ഞ് ഉണ്ടാകുന്ന പൊട്ടിത്തെറിയാണ് ഇംപ്ലോഷന്‍. ഒരു മില്ലിസെക്കൻഡിന്‍റുനുള്ളില്‍ നടന്ന ഈ സംഭവത്തെ വിശദീകരിക്കുകയാണ് വിഡിയോ ചെയ്യുന്നത്. ചുറ്റുമുള്ള ജലത്തിന്റെ ഉയർന്ന ഹൈഡ്രോസ്റ്റാറ്റിക് മർദ്ദമാണ് ഇതിനു കാരണമായതെന്നും ആനിമേഷൻ വിശദീകരിക്കുന്നു.

 

ജൂൺ 18നാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി അഞ്ചുപേരടങ്ങുന്ന സംഘം ടൈറ്റനിൽ യാത്ര തിരിച്ചത്. ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ മദർ ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ തിരച്ചിലിലാണ് ടൈറ്റന്‍ സബ്മറൈന്‍റെ അവശിഷ്ടങ്ങളും സഞ്ചരിച്ചവരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്.

 

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

 

Titan Disaster Animation Video