TAGS

ഗ്രീസിലെ റോഡ്സ് ദ്വീപിലുണ്ടായ അഗ്നിബാധ നിയന്ത്രണാതീതമായി തുടരുന്നു. വീടുകളില്‍നിന്നും ഹോട്ടലുകളില്‍ നിന്നുമായി ആയിരങ്ങളെ ഒഴിപ്പിച്ചു. സ്ലൊവാക്യയില്‍നിന്നടക്കം അഗ്നിരക്ഷാ സേന എത്തിയി. രാജ്യത്ത് കൊടുംചൂട് തുടരുകയാണ്.

 

ഗ്രീസിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ റോഡ്സ് ദ്വീപ് കത്തുകയാണ്. ആകാശംമുട്ടെ ഉയരുന്ന തീനാളങ്ങള്‍ കറുത്തപുക തുപ്പുന്നു. ജനങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ജീവനുംകൊണ്ടോടുന്നു. കൊടും ചൂടില്‍ വലയുന്ന ഗ്രീസിലെ ആശങ്കപ്പെടുത്തുന്ന കാഴ്ചയാണിത്. 40 ഫയര്‍ എഞ്ചിനുകളും 200 അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും തീയണയ്ക്കാന്‍ പാടുപെടുന്നു. ആകാശത്തുനിന്ന് മൂന്ന് വിമാനങ്ങളും അഞ്ച് ഹെലികോപ്ടറുകളും വെള്ളം ചീറ്റുന്നുണ്ട്. പക്ഷേ തീ പടര്‍ന്നുപിടിക്കുകയാണ്. ഇടക്കിടെ ദിശമാറി വീശുന്ന കാറ്റ് അഗ്നിരക്ഷാസേനയെ വലയ്ക്കുന്നു.  കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് കപ്പലുകളും ഇരുപതോളം സ്വകാര്യ ബോട്ടുകളും ചേര്‍ന്നാണ് ദ്വീപില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്.  വിദേശികളടക്കം ദ്വീപിലുള്ള ആയിരത്തിലേറെ വിനോദ സഞ്ചാരികളെ ഇതിനോടകം പുറത്തേക്ക് മാറ്റി. ദ്വീപിലെ മൂന്ന് ഹോട്ടലുകള്‍ അഗ്നിവിഴുങ്ങിക്കഴിഞ്ഞു. ശേഷിക്കുന്നവയില്‍ താമസിക്കുന്നവരും ഭീതിയിലാണ്. രാജ്യത്തെ പലയിടത്തും തീ പടര്‍ന്നുപിടിക്കുന്നുണ്ടെന്നാണ് വിവരം. അസാധാരണമായ ചൂടാണ് തീ പടരാന്‍ പ്രധാന കാരണം. നിലവില്‍ 40 ഡിഗ്രിക്ക് മുകളിലാണ് താപനില . വരുദിവസങ്ങളില്‍ ഇത് 45 ഡിഗ്രിവരെ ഉയര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ്.