പോര്‍ച്ചുഗല്ലില്‍ ഉഷ്ണതരംഗത്തെത്തുടര്‍ന്നുണ്ടായ കാട്ടുതീയില്‍ 6,700 ഹെക്ടര്‍ ഭൂമി കത്തിനശിച്ചു. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പോര്‍ച്ചുഗല്‍ പൊള്ളുകയാണ്. കത്തിനശിച്ച കുറെ ഭൂമിയും ഒറ്റപ്പെട്ട വീടുകളുമാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇപ്പോഴുള്ളത്. കൊടും ചൂടില്‍ കാട്ടുത്തീയെ തുടര്‍ന്ന് 6700 ഹെക്ടര്‍ ഭൂമിയാണ് കത്തിനശിച്ചത്. ഇതേതുടര്‍ന്ന്  പത്തൊന്‍പത് ഗ്രാമങ്ങളും നാല് വിനോദസഞ്ചാര കേന്ദ്രങ്ങളും ഒഴിപ്പിച്ചു. പോര്‍ച്ചുഗലില്‍ 120ലധികം മുനിസിപ്പാലിറ്റികളെ കാട്ടുതീ സാധ്യതയുള്ള മേഖലകളായ് അധികൃതര്‍ പ്രഖ്യാപ്പിച്ചു. 

 

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് താപനിലയാണ് സാന്താരെമില്‍ രേഖപ്പെടുത്തിയത്. 46.4 ഡിഗ്രി സെയ്ഷല്‍സ്. മുന്‍പ് ഉണ്ടായ മൂന്ന് പ്രധാന തീപിടിത്തങ്ങള്‍ നിയന്ത്രണ വിധേയമായിരുന്നെങ്കിലും രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥ മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. വരും ദിവസങ്ങളില്‍ ഐബീരിയന്‍ ഉപദ്വീപിന്‍റെ ഭൂരിഭാഗവും താപനില  40 ഡിഗ്രി സെല്‍സെഷ്യസിന് മുകളില്‍  ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് 16 വാട്ടര്‍ബോംബിംഗ് വിമാനങ്ങളും 280ലധികം അഗ്നിശമന യൂണിറ്റുകളും പ്രതിരോധ നിരയിലുണ്ട്.