റെക്കോര്‍ഡ് മഴയിലും മിന്നല്‍ പ്രളയത്തിലും പകച്ച് ന്യൂയോര്‍ക്ക്. അപ്രതീക്ഷിതമായി പെരുമഴ പെയ്തതോടെ തെരുവുകളിലും സബ്​വേകളിലും ബേസ്മെന്‍റുകളിലും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. മഴ ശമനമില്ലാതെ തുടര്‍ന്നതോടെ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകള്‍ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. അപകടാവസ്ഥ പലയിടങ്ങളിലുമുണ്ടെന്നും യാത്ര ചെയ്യുന്നവര്‍ കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. ഏകദേശം 1.8 കോടിയോളം ജനങ്ങളാണ് ന്യൂയോര്‍ക്ക് നഗരത്തിലുള്ളത്. വെള്ളക്കെട്ടുകളെ തുടര്‍ന്ന് വലിയതോതില്‍ ഗതാഗത തടസം നഗരത്തില്‍ അനുഭവപ്പെടുന്നുണ്ട്. മെട്രോ–റെയില്‍–റോഡ് ഗതാഗതം സാധാരണനിലയിലാകാന്‍ സമയമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

 

ന്യൂജഴ്സി മുതല്‍ പടിഞ്ഞാറന്‍ മന്‍ഹട്ടന്‍ വരെ താമസിക്കുന്നവര്‍ പരമാവധി വീടുകളിലും സുരക്ഷിത സ്ഥാനങ്ങളിലും കഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പലയിടങ്ങളിലും ഏഴു മുതല്‍ പതിനഞ്ച് സെന്‍റീമീറ്ററോളം മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

 

ന്യൂയോര്‍ക്ക് സിറ്റിയിലെ ലാ ഗ്വാര്‍ഡ്യാ വിമാനത്താവളത്തില്‍ കണങ്കാലോളം വെള്ളമുണ്ടായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഒരു ടെര്‍മിനല്‍ അടച്ചു. നിരവധി വിമാനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ വൈകുന്നതായും പത്തിലേറെ വിമാനങ്ങള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

മഴയെ തുടര്‍ന്ന് ന്യൂജഴ്സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളും സബ്​വേയിലൂടെ ആളുകള്‍ നീന്തിത്തുടിക്കുന്നതും പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

 

Record rain in Newyork city, emergency declared

 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.