alshifagazanew-16
  • ആശുപത്രിക്കുള്ളില്‍ 36 നവജാത ശിശുക്കള്‍, 2300 ലേറെ രോഗികള്‍
  • രാജ്യാന്തര ഇടപെടല്‍ വേണമെന്ന് ഖത്തര്‍
  • ആശുപത്രികള്‍ യുദ്ധഭൂമിയല്ലെന്ന് യുഎന്‍
  • സൈനിക നടപടിയുമായി മുന്നോട്ടെന്ന് ഇസ്രയേല്‍

ജീവന്‍ രക്ഷിക്കേണ്ട ആതുരാലയം ഗാസയിലിന്ന് ശവപ്പറമ്പാണ്. അല്‍ഷിഫ ആശുപത്രിക്കുള്ളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായുള്ള ഇസ്രയേലിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രിക്ക് ചുറ്റും ബുള്‍ഡോസറുകള്‍ നിരന്നതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. ആശുപത്രിക്ക് നേരെയുള്ള സൈനിക നടപടി അവസാനിപ്പിക്കണമെന്നും ആശുപത്രികള്‍ യുദ്ധഭൂമിയല്ലെന്നും യുഎന്‍ തുറന്നടിച്ചിരുന്നു. അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നായിരുന്നു ആശുപത്രിയിലെ സൈനിക നടപടിയോട് ഖത്തറിന്‍റെ പ്രതികരണം. ഓട്ടോമാറ്റിക് ആയുധങ്ങള്‍, ഗ്രനേഡുകള്‍, വെടിയുണ്ടകള്‍, ജാക്കറ്റുകള്‍ എന്നിങ്ങനയുള്ളവയാണ് അല്‍ഷിഫയിലെ കെട്ടിടത്തിനുള്ളില്‍ നിന്നും ഇസ്രയേല്‍ സൈന്യം കണ്ടെടുത്തത്. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ആശുപത്രിക്കെതിരെയുള്ള സൈനിക നടപടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ഉദ്ദേശമെന്ന് മേജര്‍ ജനറല്‍ വ്യക്തമാക്കുകയും ചെയ്തു. 

weaponsalshifa-11

36 നവജാത ശിശുക്കളും 2300 ഓളം രോഗികളും ആശുപത്രി ജീവനക്കാരും സാധാരണ പൗരന്‍മാരും ആശുപത്രിക്കുള്ളില്‍ അഭയം തേടിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഇവരുടെ ജീവന്‍ എങ്ങനെ സുരക്ഷിതമാക്കും എന്നതില്‍ ഇതുവരേക്കും വ്യക്തമായ മറുപടി ഇസ്രയേലിന്‍റെ ഭാഗത്ത ്നിന്നും ഉണ്ടായിട്ടില്ല. 

alshifa2n-16

ആശുപത്രിക്കെട്ടിടത്തിന് അടിയില്‍ ഹമാസിന്‍റെ തുരങ്കമുണ്ടെന്ന ആരോപണം വീണ്ടും ഇസ്രയേല്‍ ആവര്‍ത്തിച്ചു. അമേരിക്ക ഈ വാദത്തെ പിന്താങ്ങിയിട്ടുമുണ്ട്. പക്ഷേ അങ്ങനെയൊരു തുരങ്കം ആശുപത്രിക്കടിയില്ലെന്ന് ഹമാ,സ് പറയുന്നു. അല്‍ഷിഫ ആശുപത്രിയില്‍ ഇതുവരെ നടത്തിയ പരിശോധനയില്‍ അത്തരമൊരു തുരങ്കം കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടില്ല. 

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,200 ഇസ്രയേലികള്‍ കൊല്ലപ്പെട്ടെന്നും 240 ഓളം പേര്‍ ബന്ദികളാക്കപ്പെട്ടുവെന്നുമാണ് നെതന്യാഹുവിന്‍റെ കണക്ക്. ഇതിന് തിരിച്ചടിയെന്നോണം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 11,500 ലേറെ പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതില്‍ 40 ശതമാനവും കുട്ടികളാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പറയുന്നു. 

 

Bulldozers at Gaza's Al Shifa hospital