TAGS

ബ്രിട്ടനിലെത്തുന്ന അനധികൃതകുടിയേറ്റക്കാരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള പുതിയ കരാര്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. അഭയാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ കരാറെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. കോടതി അംഗീകരിച്ചാല്‍ വൈകാതെ അഭയാര്‍ഥി കൈമാറ്റം യാഥാര്‍ഥ്യമാവും.  

ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നവരെ റുവാണ്ടയിലേക്ക് കയറ്റി അയക്കുന്നതിന് അനുമതി നല്‍കുന്ന പുതിയ കരാറാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. പുതിയ വ്യവസ്ഥകള്‍ പ്രകാരം റുവാണ്ടയിലേക്ക് കൊണ്ടുപോകുന്ന അഭയാര്‍ഥികളെ അവരുടെ സ്വന്തം രാജ്യത്തേക്കോ ജീവനോ സ്വാതന്ത്ര്യത്തിനോ ഭീഷണിയുള്ള മറ്റ് രാജ്യങ്ങളിലേക്കോ തിരിച്ചയക്കില്ല. മാത്രമല്ല, അഭയാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നുറപ്പാക്കാന്‍ സ്വതന്ത്ര മേല്‍നോട്ട സമിതി രൂപീകരിക്കുമെന്നും വ്യക്തമാക്കുന്നു. നേരത്തെ ഒപ്പുവച്ച കരാര്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് കരാര്‍ പരിഷ്കരിച്ചത്. കോടതി ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുന്നതാണ് കരാറെന്നും വൈകാതെ അഭയാര്‍ഥികളുമായി ആദ്യവിമാനം റുവാണ്ടയിലേക്ക് പറക്കുമെന്നാണ് പ്രതീക്ഷയെന്നും ആഭ്യന്തര സെക്രട്ടറി  ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.  കരാറിന്റെ ഭാഗമായി 140 ദശലക്ഷം പൗണ്ട് ബ്രിട്ടന്‍ റുവാണ്ടയ്ക്ക് കൈമാറിയിരുന്നു.  കരാര്‍ പ്രാവര്‍ത്തികമായാല്‍ ബോട്ടുകളിലും മറ്റും അനധികൃതമായി ബ്രിട്ടനിലേക്ക് വരുന്നവരെ റുവാണ്ടയിലേക്ക് കൊണ്ടുപോകും. അവിടെ അവര്‍ക്ക് താമസ സൗകര്യവും ജോലിയും നല്‍കും. എന്നാല്‍ കരാര്‍ വീണ്ടും കോടതികയറാന്‍ ഇടയുണ്ടെന്ന് നമിയമവിദഗ്ധര്‍ പറയുന്നു,