TAGS

പുതുവര്‍ഷത്തെ എല്ലാം മറന്ന് വരവേല്‍ക്കാന്‍ ഗുഡ് റിഡന്‍സ് ഡേ ആഘോഷിച്ച് ന്യൂയോര്‍ക്ക്. പോയവര്‍ഷത്തെ ഒാര്‍ക്കാനിഷ്ടമില്ലാത്തതൊക്കെയും ഇല്ലാതാക്കാനാണ് ഈ വേറിട്ട ആഘോഷം. 

ഇറ്റലിയില്‍ നിന്ന് ഷിയാരാ, മസാച്ചുസെറ്റ്സില്‍ നിന്ന് സാമന്ത, ബാര്‍ബറ, തമാര,അങ്ങനെ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും എത്തിയവരുണ്ട് ഈ കൂട്ടത്തില്‍. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറിലാണ് അവരൊത്തുകൂടിയത്. ഗുഡ് റിഡന്‍സ് ഡേ ആണ് ആഘോഷം. പുതുവര്‍ഷത്തേ വരവേല്‍ക്കുമ്പോള്‍ മനസ് ഫ്രഷായിരിക്കണം. ഭൂതകാലത്തിന്റെ അകത്തളങ്ങളില്‍ മോക്ഷമില്ലാതെ കിടക്കുന്ന, ഒാര്‍ക്കാനിഷ്ടമില്ലാത്ത ഒാര്‍മകളെ ദഹിപ്പിക്കണം. അതാണീ ചടങ്ങ്. 

മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങളെല്ലാം ഒരു കടലാസില്‍ എഴുതി അവ കൂട്ടിയിട്ട് കത്തിക്കും. കത്തുന്നത് വെറും കടലാസല്ല മറിച്ച് മനസിനെ മുറിവേല്‍പ്പിച്ച ഒാര്‍മകള്‌ കൂടിയാണ് എന്നാണ് കരുതപ്പെടുന്നത്. ഒരു മജീഷ്യനാണ് ഗുഡ് റിഡന്‍സ് ഡേയില്‍ വിഷാദാത്മക താളുകള്‍ കത്തിച്ചുകളയുക. ഇതോടെ കണ്‍മുന്നില്‍ നിന്നും മനസില്‍ നിന്നുമടക്കം ഇഷ്ടമില്ലാത്ത എല്ലാ ഒാര്‍മകളും ഇല്ലാതാവുന്നു എന്നാണ്.യുദ്ധമേല്‍പ്പിച്ച മുറിവുകള്‍ അഗ്നിയില്‍ ലയിപ്പിച്ചവരാണ് ഇത്തവണ ഏറെയും. 2024 നിറഞ്ഞ പ്രതീക്ഷയോടെ വരവേല്‍ക്കാന്‍ ഗുഡ് റിഡന്‍സ് ഡേ സഹായിക്കുന്നു എന്നാണ് ഇതില്‍ പങ്കെടുക്കുന്നവരെല്ലാം പറയുന്നത്. ഗുഡ് റിഡന്‍സ് ഡേയുടെ പതിനേഴാം പതിപ്പാണ് ഇത്തവണ നടന്നത്.