miami-alien-viral-video

മിയാമിയിലെ ഒരു ഷോപ്പിംഗ് മാളിന് പുറത്ത് 10 അടിയോളം ഉയരമുള്ള അന്യഗ്രഹജീവി പ്രത്യക്ഷപ്പെട്ടെന്ന തരത്തില്‍ കഴിഞ്ഞ ആഴ്ചയോടെയാണ് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സ്ഥലത്തെ വന്‍ പൊലീസ് സന്നാഹത്തിന്‍റെ വിഡിയോയായും വിഡിയോയിലെ നിഴല്‍ രൂപവുമായിരുന്നു പ്രചരിച്ചത്. പിന്നാലെ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാല്‍ യഥാര്‍ഥത്തില്‍ യുവാക്കള്‍ തമ്മിലുണ്ടായ ഒരു സംഘര്‍ഷത്തിന് പിന്നാലെ മാളില്‍ എത്തിയ പോലീസ് സാന്നിധ്യമാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അന്യഗ്രഹജീവി വന്നതിന് പിന്നാലെയുള്ള പൊലീസ് സന്നാഹം എന്ന രീതിയില്‍ പ്രചരിക്കുകയായിരുന്നു. 

അന്യഗ്രഹജീവികളൊന്നും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് പൊലീസ് എൻബിസി 6-നോട് പറഞ്ഞത്. വിഡിയോയിലെ നിഴല്‍രൂപം അന്യഗ്രഹജീവികളുടേത് എന്ന രീതിയില്‍ പ്രചരിക്കുകയായിരുന്നു. മാളിന് പുറത്തെ വലിയ പൊലീസ് സന്നാഹവും മാളിലെ സംഘര്‍ഷത്തില്‍ നിന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങളും ഈ കിംവദന്തികള്‍ വന്‍തോതില്‍ പ്രചരിക്കാന്‍ കാരണമായി മാറി.

അന്യഗ്രഹജീവികളെക്കുറിച്ചുള്ള കിംവദന്തികൾ അറിയില്ലെങ്കിലും ഇത്രയും പോലീസിനെ ഷോപ്പിങ് മാളിന് മുന്നില്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഒരു എക്സ് ഉപയോക്താവ് കുറിച്ചത്. പിന്നാലെയാണ് നടന്നത് വ്യക്തമാക്കി മിയാമി പൊലീസ് രംഗത്തെത്തിയത്. അന്യഗ്രഹജീവികളോ യുഎഫ്ഒകളോ ഇല്ല. വിമാനത്താവളങ്ങളൊന്നും അടച്ചിട്ടില്ല. വൈദ്യുതി മുടക്കമില്ല എന്നാണ് പൊലീസ് വ്യക്തമാക്കിയത്. അതേസമയം മാളില്‍ നടന്ന സംഘര്‍ഷത്തില്‍ ഒന്നിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മിയാമി പോലീസ് പറഞ്ഞു.

10 Foot sized alien outside shopping mall in Miami? what police said about viral video