screengrab- x.com/DeshGujarat/

screengrab- x.com/DeshGujarat/

ആപ്പിളും തിന്ന് നടന്ന് പോയ സ്ത്രീയുടെ തലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ഒഴിഞ്ഞ വാട്ടര്‍ ടാങ്ക് വീണു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. തലനാരിഴയ്ക്ക് അദ്ഭുതകരമായി രക്ഷപെട്ട സ്ത്രീയുടെ ദൃശ്യങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. വാട്ടര്‍ ടാങ്കിനകത്ത് അകപ്പെട്ട സ്ത്രീ അപ്പോഴും ആപ്പിള്‍ തീറ്റ തുടരുന്നത് കണ്ട് ചിരിക്കുകയാണ് സോഷ്യല്‍ ലോകം. തലനാരിഴയ്ക്കാണ് സ്ത്രീ രക്ഷപെട്ടതെന്ന് വിഡിയോയില്‍ കാണാം. 

നടുക്കുന്ന അപകടത്തില്‍ നിന്ന് സ്ത്രീ രക്ഷപെട്ടതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആപ്പിളും കടിച്ച് വീടിന് പുറത്തേക്ക് ഒരു സ്ത്രീ ഇറങ്ങി വരുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ ഒഴിഞ്ഞ വാട്ടര്‍ ടാങ്ക് മുകളില്‍ നിന്നും സ്ത്രീയുടെ മേല്‍ തന്നെ വന്ന് വീഴുന്നതും കാണാം. കൃത്യമായി സ്ത്രീയുടെ തലവഴി തന്നെ വീണതോടെയാണ് സ്ത്രീ പരുക്കേല്‍ക്കാതെ രക്ഷപെട്ടത്. ടാങ്കിന്‍റെ മേല്‍ഭാഗത്തെ തുറന്ന വശത്ത് കൂടി തല പുറത്തേക്കിട്ട് സ്ത്രീ ആപ്പിള്‍ തീറ്റ തുടരുന്നതാണ് ഞെട്ടലിനിടയിലും ആളുകളില്‍ ചിരി പടര്‍ത്തുന്നത്. ടാങ്ക് വീഴുന്നത് കണ്ട് അയല്‍വാസി ഓടിയെത്തുന്നതും കെട്ടിടത്തിന്‍റെ മുകളിലേക്ക് നോക്കി 'എന്ത് പണിയാണെ'ന്ന ഭാവത്തില്‍ കൈ കൊണ്ട് ആംഗ്യം കാട്ടുന്നതും വിഡിയോയില്‍ കാണാം. സെക്യൂരിറ്റിയും മറ്റാളുകളും അതിവേഗം ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

സ്ത്രീക്ക് സാരമായ ചതവുകളേ ഉണ്ടായിട്ടുള്ളൂവെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും ഇവരുടെ കുടുംബം പിന്നീട് സ്ഥിരീകരിച്ചു. 'ആപ്പിളാണ് രക്ഷകനെ'ന്നായിരുന്നു വിഡിയോയ്ക്ക് ചുവടെ ഒരാള്‍ കുറിച്ചത്. ടാങ്ക് വീണിട്ടും കുലുങ്ങാതെ ആപ്പിള്‍ തീറ്റ തുടര്‍ന്ന ചേച്ചി മാസാണെന്ന് മറ്റ് ചിലരും കുറിച്ചു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

A woman narrowly escaped serious injury in a bizarre incident when a water tank fell on her while she was casually eating an apple outside her home.