ഡല്‍ഹി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ നിയന്ത്രിത സ്ഫോടനത്തില്‍ ടൈമര്‍ ഉപയോഗിച്ചിരുന്നതായി എന്‍എസ്ജി അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ സ്ഫോടനം നടന്ന് 17 ദിവസമായിട്ടും പ്രതിയെക്കുറിച്ച് ഒരുസൂചനയുമില്ല.
കനത്ത സുരക്ഷ മേഖലയായ ഇസ്രേയേല്‍ എംബസിക്ക് സമീപം രാസവസ്തുക്കള്‍ക്കൊണ്ടുള്ള നിയന്ത്രിത സ്ഫോടനമാണുണ്ടായതെന്നാണ് കണ്ടെത്തല്‍. ടൈമറും ഐഇഡിക്ക് സമാനമായ സ്ഫോടകവസ്തുവും തദ്ദേശീയമായി നിര്‍മിച്ചതാണെന്നും എന്‍എസ്ജി റിപ്പോര്‍ട്ട്. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ബോള്‍ ബെയറിങ്ങുകളും ആണിയും മറ്റ് ലോഹവസ്തുക്കളും സ്ഫോടനത്തിന് ഉപയോഗിച്ചത് തന്നെ. സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെത്തിയ ഭീഷണിക്കത്തില്‍ വിരലടയാളം പതിഞ്ഞിട്ടില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇസ്രയേല്‍–ഹമാസ് സംഘര്‍ഷങ്ങള്‍ തന്നെയാണ് ഡിസംബര്‍ 26ന് നടന്ന സ്ഫോടനത്തിന്‍റെ കാരണമെന്നാണ് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്‍റെ നിഗമനം.
ജാമിയ നഗറിലെ മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് ഓട്ടോയില്‍ക്കയറിയെത്തിയ ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആദ്യം നടത്തിയത്. എന്നാല്‍ സിസി ടിവി ക്യാമറകളില്‍നിന്ന് ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിലടക്കം കാര്യമായ പുരോഗതിയുണ്ടാക്കാന്‍ പൊലീസിനായിട്ടില്ല.
NSG investigation report says timer was used in controlled blast near Israel Embassy