തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ആം ആദ്മി പാർട്ടിയെയും ബിജെപിയെയും മറികടക്കാൻ വമ്പൻ തന്ത്രങ്ങളുമായി കോൺഗ്രസ്. നാളെ മുതൽ മുഖ്യമന്ത്രിമാരെയും പ്രധാന നേതാക്കളെയും അണിനിരത്തി വാഗ്ദാനങ്ങൾ പ്രഖ്യാപിക്കാനാണ് നീക്കം. സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവ വാഗ്ദാനങ്ങളിൽ ഉണ്ടാകും. കെജ്രിവാൾ ദേശവിരുദ്ധൻ എന്ന ആരോപണം ഉയർത്തി അജയ് മാക്കൻ ഇന്ന് വാർത്താസമ്മേളനം നടത്തും.
വർഷങ്ങളോളം തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസിന് നിലവിൽ നിയമസഭയിൽ ഒരു സീറ്റ് പോലുമില്ല. പ്രചാരണത്തിൽ പ്രധാനമന്ത്രിയും അരവിന്ദ് കെജ്രിവാളും സജീവമായിക്കെ കോൺഗ്രസിന് കാര്യമായ ഇളക്കം ഉണ്ടാക്കാനായിട്ടില്ല. ഇതെല്ലാം മറികടക്കാനാണ് പുതിയ തന്ത്രങ്ങളുമായി പ്രചാരണ രംഗത്തേക്ക് കോൺഗ്രസ് എത്തുന്നത്.
സൗജന്യ പ്രഖ്യാപനങ്ങൾ കൊണ്ട് കളം നിറഞ്ഞു നിൽക്കുന്ന ആം ആദ്മി പാർട്ടിയെ വാഗ്ദാനങ്ങൾ കൊണ്ട് പിന്നിലാക്കുകയാണ് ആദ്യപടി. നാളെ മുതൽ പ്രധാന നേതാക്കൾ ഓരോരുത്തരായി എത്തി വാഗ്ദാനങ്ങൾ പ്രഖ്യാപിക്കും. മുഖ്യമന്ത്രിമാരായ സുഖ്വീന്ദർ സിംഗ് സുഖു , രേവന്ത് റെഡ്ഡി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയവരാണ് ഇതിനായി വാർത്താസമ്മേളനങ്ങൾ നടത്തുക.
രാജസ്ഥാൻ മാതൃകയിൽ 25 ലക്ഷത്തിൻ്റെ ആരോഗ്യ ഇൻഷുറൻസ്, സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, മലിനീകരണം തടയാൻ റോഡ് മാപ്പ് തുടങ്ങിയവ വാഗ്ദാനങ്ങളിൽ പെടും. വിമർശനങ്ങൾ ഒഴിവാക്കാൻ പദ്ധതി എങ്ങനെ നടപ്പിലാക്കും, സർക്കാർ ഇതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും തുടങ്ങിയവയും വിശദീകരിക്കും. ശേഷം ദിനം പ്രതി ഒരു ചോദ്യം വീതം ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളിനോട് ചോദിക്കും.