TAGS

ഓസ്കര്‍ പുരസ്കാരത്തിലേയ്ക്കുള്ള കൗണ്ട് ഡൗണ്‍ ഇന്ന് തുടങ്ങുന്നു. 23 വിഭാഗങ്ങളിലേയ്ക്കുള്ള നാമനിര്‍ദേശപട്ടിക ഇന്നുവൈകുന്നേരം ഏഴുമണിക്ക് പ്രഖ്യാപിക്കും. ഹോളിവുഡ് താരങ്ങളായ സാസി ബീറ്റ്സും  ജാക്ക് ക്വിഡും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തുക.

 

ഡോള്‍ബി തിയറ്ററില്‍ കാത്തിരിക്കുന്ന ഓസ്കര്‍ ശില്‍പങ്ങള്‍ സ്വന്തമാക്കാനുള്ള ഹോളിവുഡ് നക്ഷത്രങ്ങളുടെ പ്രയാണത്തിന് ഇന്ന് സാമുവല്‍ ഗോള്‍ഡ്വിന്‍ തിയറ്ററില്‍ നിന്ന് തുടക്കം. 93 രാജ്യങ്ങളില്‍ നിന്നുള്ള അക്കാദമി അംഗങ്ങളാണ് നാമനിര്‍ദേശപട്ടികയിലേയ്ക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. രാജ്യാന്തര സിനിമ വിഭാഗത്തിലെ നാമനിര്‍ദേശത്തിനായി മല്‍സരിച്ച മലയാള ചിത്രം 2018 ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായതിനാല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മല്‍സരിക്കുന്ന ടു കില്‍ എ ടൈഗര്‍. രാജ്യാന്തര സിനിമ വിഭാഗത്തില്‍ 15 ചിത്രങ്ങള്‍ക്ക് നാമനിര്‍ദേശം ലഭിക്കും. ഏഷ്യന്‍ പ്രതീക്ഷ ഭൂട്ടാനീസ് ചിത്രം ദ് മങ്ക് ആന്‍ഡ് ദി ഗണ്ണും ജപ്പാന്റെ പെര്‍ഫക്റ്റ് ഡെയ്സും. ഗോള്‍ഡന്‍ ഗ്ലോബിന്റെയും ക്രിട്ടിക്സ് ചോയ്സ് പുരസ്കാരത്തിന്റെയും തിളക്കത്തില്‍ നില്‍ക്കുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഒപ്പണ്‍ഹൈമര്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, സഹനടന്‍, ഒറിജിനല്‍ സ്കോര്‍ വിഭാഗങ്ങളില്‍ നാമനിര്‍ദേശം ഉറപ്പിച്ചുകഴിഞ്ഞു. കാന്‍സ് ചലച്ചിത്രമേളയില്‍ തിളങ്ങിയ  ദ് സോണ്‍ ഓഫ് ഇന്ററസ്റ്റും, ഫ്രഞ്ച് ചിത്രം അനറ്റമി ഓഫ് എ പിന്തള്ളപെടില്ലെന്നും ഉറപ്പ്. ഫെബ്രുവരി 22 മുതല്‍ 27 വരെ നടക്കുന്ന വോട്ടിങ് നിശ്ചയിക്കും 23 ഓസ്കര്‍ പുരസ്കാരങ്ങളുടെ അവകാശികളെ. മാര്‍ച്ച് പതിനൊന്നിന് പുലര്‍ച്ചെയാണ് ഓസ്കര്‍ പ്രഖ്യാപനം.

 

The countdown to the Oscars begins today