പാക്കിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ഇല്ലെന്നിരിക്കെ മുന്നണി രൂപീകരണ ചര്‍ച്ചകള്‍ സജീവമാണ്. അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ഇമ്രാന്‍ ഖാന്‍റെ പി.ടി.ഐ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്.
തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായ വരുംമുന്‍പേ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ പി.എം.എല്‍.– എന്നിന് ഇതുവരെയും സഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായി ചര്‍ച്ച തുടരുകയാണ്. രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവ് ആസിഫ് അലി സര്‍ദാരിയുമായി നവാസിന്‍റെ സഹോദരന്‍ ഷെഹബാസ് ഷെരീഫ് ചര്‍ച്ച നടത്തിയെങ്കിലും ധാരണയില്‍ എത്തിയിട്ടില്ല.
17 സീറ്റ് നേടിയ എം.ക്യു.എം.– പിയുമായും പി.എം.എല്‍.– എന്‍ നേതൃത്വം ഉടന്‍ ചര്‍ച്ച നടത്തും. പി.പി.പിയുടെ ബിലാവല്‍ ഭൂട്ടോയും പ്രധാനമന്ത്രി പദത്തില്‍ കണ്ണുവയ്ക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ഇമ്രാന്‍ ഖാന്‍റെ പി.ടി.ഐയുടെ സ്വതന്ത്രരും സര്‍ക്കാര്‍ രൂപീകരണ നീക്കം സജീവമാക്കി,. ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്ന ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശ്രമം. സ്വതന്ത്രരെ വലയിലാക്കാനാണ് പ്രധാന പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഇത് കുതിരക്കച്ചവടത്തിനും വഴിവയ്ക്കുമെന്ന ആരോപണം ശക്തമാണ്. നിലവിലെ കക്ഷിനില അനുസരിച്ച് പി.എം.എല്‍ – എന്നും പി.പി.പിയും കൈകോര്‍ത്താല്‍ പോലും കേവല ഭൂരിപക്ഷത്തിനാവശ്യമായ 133 സീറ്റ് ഇല്ല.