ഭ്രൂണങ്ങളെ കുട്ടികളായി തന്നെ കണക്കാക്കപ്പെടുമെന്ന അലബാമ സുപ്രീംകോടതിയുടെ നിര്‍ണായക നിര്‍ദേശത്തിന് പിന്നാലെ കൃത്രിമ ബീജസങ്കലനം (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍– ഐവിഎഫ്) നിര്‍ത്തിവച്ച് സേവന ദാതാക്കള്‍. സംഭവത്തില്‍ ഡോക്ടര്‍മാരും ഐവിഎഫ് ചികില്‍സയ്ക്ക് തയ്യാറെടുക്കുന്നവരും ആശങ്കകള്‍ പ്രകടിപ്പിക്കുന്നുണ്ട്. പുതിയ വിധി പ്രത്യുല്‍പാദന ചികില്‍സാ രംഗത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം ചികില്‍സാ രീതികളെ സംരക്ഷിക്കാന്‍ നിയമവഴികള്‍ തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍.

 

അലബാമയിലെ ആരോഗ്യ രംഗത്തെ ഏറ്റവും വലിയ സേവനദാതാക്കളായ അലബാമ സര്‍വ്വകലാശാലയാണ് ഐവിഎഫ് ചികില്‍സകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ് എന്ന് ആദ്യമായി അറിയിച്ചത്. പിന്നാലെ മറ്റു ക്ലിനിക്കുകളും സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. സ്വന്തമായി ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹമുള്ളവര്‍‍ക്കും മറ്റ് ചികില്‍സാരീതികള്‍ അവലംബിക്കാന്‍ സാധിക്കാത്തവര്‍ക്കും പുതിയ വിധി കനത്ത തിരിച്ചടിയാകും എന്നാണ് സര്‍വ്വകലാശാല വക്താക്കള്‍ പറയുന്നത്. അതേസമയം അണ്ഡാശയത്തില്‍ നിന്നും അണ്ഡം ശേഖരിക്കുന്നത് തുടരുമെന്നും എന്നാല്‍ അത് ശീതീകരിച്ച് സൂക്ഷിക്കുകയോ ഭ്രൂണമാക്കി വളര്‍ത്തിയെടുക്കുകയോ ചെയ്യില്ല എന്നുമാണ് സര്‍വകലാശാല അറിയിക്കുന്നത്.

 

അലബാമയിലെ ഒരു മൊബൈല്‍ ക്ലിനിക്കിന്‍റെ സൂക്ഷിപ്പ് മുറിയില്‍ കയറിയ യുവാവ് ശീതീകരിച്ച ഭ്രൂണങ്ങള്‍ താഴെയിട്ടെന്ന കേസില്‍ വിധി പറയവേയാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം. സംഭരണ മുറി സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ ക്ലിനിക്ക് പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ശീതീകരിച്ച ഭ്രൂണങ്ങളെ കുട്ടികളായി കണക്കാക്കുന്നതിനാല്‍ ഇയാളുടെ പ്രവൃത്തിയെ ന്യായീകരിക്കാനാകാത്ത സിവില്‍ കുറ്റകൃത്യമായിട്ടാണ് കോടതി കണക്കാക്കിയിരിക്കുന്നത്.

 

അതേസമയം നിര്‍ദേശം പുനപരിശോധിക്കാന്‍ സുപ്രീംകോടതിയോട് അലബാമ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൂരമായ നിരീക്ഷണമാണിതെന്നാണ് നാഷണല്‍ ഇന്‍ഫര്‍ട്ടിലിറ്റി അസോസിയേഷനും ആരോപിക്കുന്നത്. 2021ല്‍ മാത്രം 97000 കുട്ടികളാണ് ഐവിഎഫ് ഉള്‍പ്പെടെയുള്ള കൃത്രിമ പ്രത്യുല്‍പാദന ചികില്‍സാ രീതികളിലൂടെ അമേരിക്കയില്‍ ജനിച്ചത്. ആഗോളതലത്തില്‍ 5 ലക്ഷമെങ്കിലും വരും ഈ കണക്കുകള്‍.

 

ചികില്‍സയ്ക്ക് എത്തുന്ന സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്ന് അണ്ഡം പുറത്തെടുത്ത് ലാബില്‍വച്ച് ബീജവുമായി സങ്കലനം നടത്തിയെടുക്കുന്ന ഭ്രൂണത്തെ ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചു നിക്ഷേപിച്ച് വളരാന്‍ അനുവദിക്കുന്നതാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍. വന്ധ്യതയുള്ളവര്‍ക്ക് കുട്ടികളുണ്ടാകാനുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണിത്. എന്നാല്‍ ഇത്തരത്തില്‍ വകസിപ്പിച്ചെടുക്കുന്ന ഭ്രൂണങ്ങളില്‍ തിരിച്ച് ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കാത്തവ ശീതീകരിച്ച് സൂക്ഷിക്കുകയാണ് പതിവ്. ജനിതക പരമായി പ്രശ്നങ്ങളുള്ള ഭ്രൂണങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യും.