തെക്കന്‍ കലിഫോര്‍ണിയയില്‍ ചെറുവിമാനം കെട്ടിടത്തിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരില്‍ ഒന്‍പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പൊലീസിെന ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റുള്ളവരെ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. ഫുള്ളര്‍ടണിലെ റെയ്മര്‍ അവന്യുവിലെ 23000 ബ്ലോക്കിലാണ് വിമാനം ഇടിച്ചുകയറിയത്. വിമാനത്തിലുണ്ടായിരുന്നവര്‍ക്കാണോ പരുക്കേറ്റതെന്നോ ആരാണ് മരിച്ചതെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

വിമാനം അപകടത്തില്‍പ്പെട്ടതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കാഴ്ച മറയ്ക്കുന്നത് പോലെ തീയും പുകയും കുമിഞ്ഞുയരുന്നത് വിഡിയോയില്‍ കാണാം. ഒറ്റ എഞ്ചിന്‍ വിമാനമായ ആര്‍വി–10 ആണ് അപകടത്തില്‍പ്പെട്ടതെന്ന് ഓറഞ്ച് കൗണ്ടിയില്‍ നിന്നുള്ള യുഎസ് ജനപ്രതിനിധി ലോവ് കൊര്‍യ എക്സില്‍ കുറിച്ചു. ഫര്‍ണിച്ചര്‍ ഉല്‍പാദന കേന്ദ്രത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. 

ഡിസ്നിലാന്‍ഡില്‍ നിന്ന് വെറും ആറുകിലോ മീറ്റര്‍ മാത്രം അകലെയുള്ള ഫുള്ളര്‍ടണ്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ടിന് സമീപത്തായാണ് വിമാനം അപകടത്തില്‍പ്പെട്ടത്. പൊതു വ്യോമഗതാഗതത്തിനായി ഉപയോഗിക്കുന്ന വിമാനത്താവളത്തില്‍ ഒരു റണ്‍വെയും ഹെലിപാഡുമാണുള്ളത്. ജനവാസ കേന്ദ്രങ്ങളും വാണിജ്യസ്ഥാപനങ്ങളും മെട്രോ ലൈനും പ്രദേശത്തുണ്ടെന്നും വലിയ അപകടമാണ് ഒഴിവായതെന്നും അധികൃതര്‍ അറിയിച്ചു. 

പ്രാദേശിക സമയം വൈകുന്നേരം 2.09ഓടെയാണ് വിമാനം തകര്‍ന്നതെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന് പിന്നാലെ അഗ്നിരക്ഷ സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും തീ അണയ്ക്കുകയും ചെയ്തു. 

നവംബര്‍ ആദ്യ ആഴ്ചയില്‍ ഫുള്ളര്‍ടണ്‍  വിമാനത്താവളത്തില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ 4 സീറ്റര്‍ വിമാനം തകര്‍ന്നിരുന്നു. പറന്നുയര്‍ന്നതിന് പിന്നാലെ അടിയന്തര ലാന്‍ഡിങിന് ശ്രമിച്ച വിമാനം മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു.

ENGLISH SUMMARY:

Two killed, 18 injured after a small plane crashes into a commercial building in California.