കോവിഡിനേക്കാള്‍ നൂറ് മടങ്ങ് ഭീഷണിയുയര്‍ത്തുന്ന പകര്‍ച്ചാവ്യാധിയായി എച്ച് 5 എന്‍ 1 മാറിയേക്കാമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു ആഗോള മഹാമാരിയായി എച്ച്5എന്‍1 മാറിയേക്കാമെന്നും അപകടകരമാം വിധത്തില്‍ ലോകം അതിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും വൈറസുകളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്. സാഹചര്യം നിരീക്ഷിച്ച് വരുന്നതായി വൈറ്റ് ഹൗസും അറിയിച്ചു.
പശുക്കള്‍, പൂച്ചകള്‍, മനുഷ്യര്‍ തുടങ്ങി വിവിധ തരത്തിലുള്ള സസ്തനികളില്‍ ഒന്നിലധികം എച്ച്5എന്‍1 രോഗബാധ കണ്ടെത്തിയതാണ് ഭീതി വര്‍ധിക്കാനുള്ള കാരണം. വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ച് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും വ്യാപിക്കാന്‍ കഴിവുള്ള ഒന്നായി വൈറസ് മാറിയേക്കാം എന്നുള്ള സാധ്യതയും വിദഗ്ദര്‍ തള്ളിക്കളയുന്നില്ല.
ലോകം എച്ച് 5 എൻ 1 മൂലമുണ്ടാകുന്ന പകർച്ചവ്യാധിയുടെ അടുത്തെത്തി നില്‍ക്കുകയാണെന്നാണ് പക്ഷിപ്പനി ഗവേഷകനായ ഡോ സുരേഷ് കുച്ചിപ്പുടി മുന്നറിയിപ്പ് നൽകുന്നത്. ഇനി വരാനിരിക്കുന്ന വൈറസിനെക്കുറിച്ചല്ല നിലവില്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഒന്നിനെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്. വൈറസ് ഇപ്പോഴും പടർന്നുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
വൈറസിന് ഉണ്ടാകുന്ന മ്യൂട്ടേഷനുകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് കോവിഡ് 19 നേക്കാള്‍ മരണ നിരക്ക് വര്‍ധിപ്പിക്കും. ലോകാരോഗ്യ സംഘടനയുടെ 2003 മുതലുള്ള കണക്കുകള്‍ പ്രകാരം 52 ശതമാനമാണ് എച്ച്5എന്‍1ന്‍റെ മരണ നിരക്ക്. അതായത് രോഗബാധയേല്‍ക്കുന്ന നൂറില്‍ 52 പേരും മരണപ്പെട്ടിട്ടുണ്ട്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡിന്‍റെ മരണ നിരക്ക് കുറവാണ്. 2020 മുതലുള്ള കേസുകൾ സൂചിപ്പിക്കുന്നത് എച്ച്5എന്‍1ന്‍റെ പുതിയ സ്‌ട്രെയിൻ ബാധിച്ച 30 ശതമാനം വ്യക്തികളും മരിച്ചു എന്നാണ്.
നിലവില്‍ ടെക്‌സസിലെ ആറ് സംസ്ഥാനങ്ങളിലായി 12 പശുക്കൾക്കും മൂന്ന് പൂച്ചകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ ഒരു ഡയറി ഫാം തൊഴിലാളിക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പക്ഷിപ്പനി വൈറസായ ഏവിയന്‍ ഇന്‍ഫ്ലുവെന്‍സയുടെ ഉപവിഭാഗമാണ് എച്ച്5എന്‍1. വളരെ മാരകശേഷിയുള്ള വൈറസാണിത്. പ്രധാനമായും പക്ഷികളെയാണ് ബാധിക്കുന്നതെങ്കിലും മനുഷ്യർ ഉള്‍പ്പെടെയുള്ള സസ്തിനികളെയും വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട്. 1996ല്‍ ചൈനയിലെ പക്ഷികളാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ഒരു വർഷത്തിന് ശേഷം ഹോങ് കോങ്ങില്‍ 18 മനുഷ്യര്‍ക്കിടയിലും രോഗബാധ സ്ഥിരീകരിച്ചിരുന്നു. സസ്തനികളില്‍ രോഗബാധയേല്‍ക്കുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കാം.
H5N1, a bird flu strain which could be more devastating than the Covid-19