bird-flu

TOPICS COVERED

ഓണക്കാലത്തും ദുരിതമൊഴിയാതെ ആലപ്പുഴയിലെ പക്ഷി വളര്‍ത്തല്‍ കര്‍ഷകര്‍. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ജില്ലയില്‍ ഡിസംബര്‍ 31 വരെയാണ് പക്ഷിവളര്‍ത്തലിന് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തിയത്. തമിഴ്നാട്ടില്‍ നിന്നുള്ള താറാവുകളെ ഇറക്കുമതി ചെയ്യുമ്പോഴും നാട്ടിലെ പക്ഷികളെ കൊന്നൊടുക്കിയതിന്‍റെ നഷ്ടപരിഹാരം പോലും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. 

 

വളര്‍ത്തുപക്ഷി നീക്കത്തിനും മുട്ടവിരിയിക്കലിനും ജില്ലയില്‍ പൂര്‍ണമായി നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് കര്‍ഷകരെ ദുരിത്തിലാക്കുന്നത്. നിയന്ത്രണ കാലാവധിയില്‍ മുട്ട അടവച്ച് വിരിയിക്കാനോ പുതിയ പക്ഷികളെ വളര്‍ത്താനേ പാടില്ല.  ഹാച്ചറികളിലുള്ള മുട്ടകള്‍ മുഴുവന്‍ ശാസ്ത്രീയമായി നശിപ്പിക്കാനും ഉത്തരവില്‍ പറയുന്നു. അതേസമയം നിലവില്‍ വളര്‍ത്തുന്ന പക്ഷികളുടെ കാര്യത്തില്‍  മാത്രം പ്രശ്നമില്ല. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള പക്ഷികള്‍ക്ക്  ഈ വിലക്ക് ബാധകമല്ലെന്നാണ് കര്‍ഷകരുടെ പരാതി. 

ഈ വര്‍ഷം തുടക്കം മുതല്‍ പനി ബാധിച്ചും കള്ളിങ്ങ് നടത്തിയും പതിനായിരക്കണക്കിന് കോഴികളെയും താറാവുകളെയും കര്‍ഷകര്‍ക്ക് നഷ്ടമായി. സാധാരണ പക്ഷിപ്പനി ബാധിച്ച ഇടങ്ങളില്‍ കള്ളിങും അണുനശീകരണവും നടത്തി മൂന്നുമാസത്തിന് ശേഷം വീണ്ടും പക്ഷി വളര്‍ത്തല്‍ ആരംഭിക്കാം. എന്നാല്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വഴിമുട്ടിയിരിക്കുകയാണ് കര്‍ഷകര്‍. ലോണ്‍ എടുത്ത മിക്ക താറാവ് കര്‍ഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കള്ളിങ്ങിന് വിധേയമായും പനിബാധിച്ചും നഷ്ടമായ പക്ഷികള്‍ക്ക് പകരമായി ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിലും തീരുമാനമായില്ല. അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം സമയ ബന്ധിതമായി നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം എന്നാണ് കര്‍ഷകരുടെ ആവശ്യം.