പ്രതീകാത്മക ചിത്രം/Image Credit: X@matttttt187

പ്രതീകാത്മക ചിത്രം/Image Credit: X@matttttt187

  • ‘സോംബി’ ഡ്രഗിന് അടിമകളായി ജനം
  • നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് മനുഷ്യന്‍റെ എല്ലുകള്‍
  • മരണ നിരക്ക് വര്‍ധിക്കുന്നു

മാരകമായയ ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുഷ് എന്നും സോംബി ഡ്രഗ് എന്നും വിളിപ്പേരുള്ള സൈക്കോ ആക്ടീവായ ലഹരിമരുന്നിനാണ് രാജ്യത്തില്‍ ഭൂരിഭാഗം പേരും അടിമപ്പെടുന്നത്. മനുഷ്യന്‍റെ അസ്ഥികളില്‍ നിന്നും നിര്‍മിക്കുന്ന ഈ ലഹരി ലഭിക്കാതാകുന്നതോടെ ഇത് നിര്‍മ്മിക്കാനായി ആളുകള്‍ കുഴിമാടങ്ങള്‍ പോലും തുരന്ന് ശവശരീരങ്ങള്‍ പുറത്തേക്ക് വലിച്ചിടുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെ തുടര്‍ന്നാണ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

 

ആറ് വർഷം മുമ്പ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ ലഹരിമരുന്ന് ആദ്യമായി നിര്‍മ്മിക്കപ്പെടുന്നത്. മനുഷ്യന്‍റെ അസ്ഥി പൊടിച്ച് അതിനൊപ്പം മാരകമായ രാസ പദാര്‍ഥങ്ങളും ചേര്‍ത്താണ് ലഹരി നിര്‍മിക്കുന്നത്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഉന്മത്താവസ്ഥ ഉണ്ടാക്കാന്‍ ഈ ലഹരിക്ക് സാധിക്കും. ഇത്തരത്തില്‍ ലഹരി നിര്‍മിക്കാനായി ആയിരക്കണക്കിന് ശവക്കല്ലറകളാണ് രാജ്യത്ത് തകര്‍ക്കപ്പെട്ടത്. ശവക്കല്ലറകള്‍ തകര്‍ക്കപ്പെടുന്നത് സ്ഥിരമായതോടെ രാജ്യത്തെ മിക്ക സെമിത്തേരികള്‍ക്കും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം.  കുഷിന് അടിമകളായവര്‍ സോംബികളെപ്പോലെ തെരുവുകളിലൂടെ നീങ്ങുന്ന കാഴ്ചകള്‍ ഇതിന് മുന്‍പ് വന്‍തോതില്‍ പ്രചരിച്ചിരുന്നു.

 

 

വിനാശകരമായ സിന്തറ്റിക് ലഹരികള്‍ അടക്കമുള്ള ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം രാജ്യം വിനാശകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന് സിയറ ലിയോൺ പ്രസിഡന്‍റ് ജൂലിയസ് മാഡ ബയോ പറഞ്ഞു. ലഹരി ഉപയോഗംമൂലം നിരവധി മരണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എത്രപേര്‍ കുഷ് ഉപയോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട് എന്നതിന്  ഔദ്യോഗിക കണക്കുകള്‍ ഒന്നും തന്നെ ലഭ്യമല്ല. അതേസമയം 2020 നും 2023 നും ഇടയിൽ ലഹരി ഉപയോഗത്തെ തുടര്‍ന്ന് നൂറുകണക്കിന് യുവാക്കൾ മരിച്ചുവെന്നാണ് ഫ്രീടൗണിൽ നിന്നുള്ള ഒരു ഡോക്ടർ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

രാജ്യത്തെ ലഹരി മരുന്ന് ഉപയോഗത്തിനെതിരെ പോരാടാനും ലഹരിമരുന്ന് ശൃഘലകളെ തകര്‍ക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു. ലഹരിക്ക് അടിമപ്പെട്ടവര്‍ക്കായി പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കാനും നിര്‍ദേശമുണ്ട്.   എല്ലാ ജില്ലയിലും ഇതിനായി പരിശീലനം ലഭിച്ച വ്യക്തികളുടെ സേവനം ലഭ്യമായിരിക്കും. നിലവിൽ ഫ്രീടൗണിലാണ് 100 കിടക്കകളുള്ള രാജ്യത്തെ ഏക ലഹരിമരുന്ന് പുനരധിവാസ കേന്ദ്രം പ്രവർത്തിക്കുന്നത്.

 

Sierra Leone declares national emergency after addicts dig up graves to make drug from human bones.