സ്വവര്‍ഗ ബന്ധം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കാന്‍ ബില്‍ പാസാക്കി ഇറാഖി പാര്‍ലമെന്‍റ്. ബില്‍ നിയമമാകുന്നതോടെ 15 വര്‍ഷം വരെ തടവുശിക്ഷയാണ് നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്. മനുഷ്യാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. 1988ലെ വേശ്യാവൃത്തി നിരോധന നിയമം ഭേദഗതി ചെയ്തതോടെയാണ് പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരിക. അതേസമയം സ്വവര്‍ഗാനുരാഗികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം പാര്‍ലമെന്‍റ് അംഗീകരിച്ചില്ല.
സ്വവര്‍ഗാനുരാഗിയെന്ന് തെളിഞ്ഞാല്‍ കുറഞ്ഞത് പത്തു വര്‍ഷം മുതല്‍ പരമാവധി 15 വര്‍ഷം വരെയാണ് തടവുശിക്ഷയായി കോടതികള്‍ വിധിക്കുക. സ്വവര്‍ഗബന്ധം പ്രോല്‍സാഹിപ്പിക്കുന്നതായി തെളിഞ്ഞാല്‍ ഏഴുവര്‍ഷത്തില്‍ കുറയാത്ത ശിക്ഷയും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പുരുഷനായിരിക്കെ 'സ്ത്രീയായി ചമഞ്ഞ്' നടക്കുന്നവര്‍ക്കും നടത്തത്തിലും പെരുമാറ്റത്തിലും സ്ത്രീകളെ പോലെ ആകാന്‍ ശ്രമിക്കുന്നവര്‍ക്കും ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ട്രാന്‍സ്ജെന്‍ഡറുകള്‍ പിടിക്കപ്പെട്ടാലും മൂന്നു വര്‍ഷത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വരും. ജന്‍മനായുള്ള ശാരീരിക പ്രകൃതം സ്വന്തം താല്‍പര്യത്തിനനുസരിച്ച് മാറ്റാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്ന് ഭേദഗതിയില്‍ പറയുന്നു. മാത്രമല്ല, ഇത്തരത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കുന്ന വ്യക്തികളെയും ഡോക്ടര്‍മാരെയും മൂന്ന് വര്‍ഷം വരെ തടവിലാക്കാമെന്നും നിയമം പറയുന്നു. സ്വവര്‍ഗ ലൈംഗിതകയ്ക്ക് പുറമെ പങ്കാളികളെ വച്ചുമാറുന്നതും ഇറാഖില്‍ ക്രിമിനല്‍ കുറ്റമാണ്. 15 വര്‍ഷം വരെയാണ് പങ്കാളികളെ വച്ചുമാറിയതായി തെളിഞ്ഞാല്‍ ശിക്ഷ ലഭിക്കുക.
യാഥാസ്ഥിതിക സമൂഹമായതിനാല്‍ തന്നെ സ്വവര്‍ഗ ലൈംഗികതയ്ക്ക് ഇറാഖില്‍ അപ്രഖ്യാപിത വിലക്കാണുണ്ടായിരുന്നത്. ബില്ലിന് അംഗീകാരം കൂടി ലഭിച്ചാല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ കടുത്ത വെല്ലുവിളിയാകും നേരിടേണ്ടി വരികയെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ മറ്റുപല വകുപ്പുകളിലും ഉള്‍പ്പെടുത്തി തടവിലാക്കിയ സംഭവങ്ങള്‍ മുന്‍പും ഇറാഖില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ ഉല്‍ സുഡാനിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പാര്‍ലമെന്‍റ് ബില്ല് പാസാക്കിയതെന്നും ശ്രദ്ധേയമാണ്. ബില്ലിനെ സ്വാഭാവികമായും അമേരിക്കയും യൂറോപ്യന്‍ യൂണിയനും എതിര്‍ക്കുമെന്നും എന്നാലിത് തികച്ചും ഇറാഖിന്‍റെ ആഭ്യന്തരകാര്യമാണെന്നും അതില്‍ പുറത്ത് നിന്നൊരാളും കൈകടത്തുന്നത് പ്രോല്‍സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഇതിനോട് ഇറാഖിന്‍റെ പ്രതികരണം.
Iraq parliament passes bill criminialising Same sex relations