Image Credit; AI

Image Credit; AI

പഠിത്തം കഴിഞ്ഞില്ലേ, ജോലിയൊന്നുമായില്ല,  വിവാഹം കഴിച്ചില്ലേ, കുട്ടികളൊന്നുമായില്ലേ... സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഈ ചോദ്യങ്ങളില്‍ ദേഷ്യം വരാത്ത യുവാക്കള്‍ ഉണ്ടാകില്ല. പക്ഷേ അതില്‍ ഒരു ചോദ്യത്തിന് ഇപ്പോള്‍ അല്‍പം പ്രസക്തി കൂടിയിട്ടുണ്ടെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. വിവാഹം കഴിച്ചില്ലേ എന്ന ചോദ്യമാണത്. മുപ്പത് പിന്നിട്ട പുരുഷന്‍മാരോടാണ് ചോദ്യമെങ്കില്‍  കല്യാണം കഴിക്കാനായി പെണ്‍കുട്ടികളെ കിട്ടാനില്ല എന്നാണ് പലരുടെയും മറുപടി. 

വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും എന്തുപറഞ്ഞാലും ഒറ്റയ്ക്കേ ജീവിക്കൂ എന്ന് ഉറപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്.   സിംഗിളായ സ്ത്രീകള്‍ സിംഗിളായ പുരുഷന്‍മാരേക്കാള്‍  സന്തോഷം അനുഭവിക്കുന്നത്രേ. സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

കല്യാണം കഴിക്കാത്ത സ്ത്രീകൾ അവരുടെ ജീവിതം, റിലേഷൻഷിപ്പ് സ്റ്റാറ്റസ്, ലൈംഗികാനുഭവം എന്നിവയിലെല്ലാം വലിയ തോതിൽ സംതൃപ്തി അനുഭവിക്കുന്നുവെന്നാണ് പഠനം പറയുന്നത്. മാത്രമല്ല ആരെങ്കിലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള താല്‍പര്യം അവിവാഹിതരായ സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവാണത്രേ. ചുരുക്കിപ്പറഞ്ഞാല്‍, ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്നത് ഹാപ്പി ലൈഫാണെന്ന് അര്‍ഥം. 18നും 75നും ഇടയില്‍ പ്രായമുള്ളവരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് ഈ പഠനം.

ഒരു സ്ത്രീയുടെ ജീവിതം പൂര്‍ണമാകണമെങ്കില്‍, അവള്‍ വിവാഹിതയും അമ്മയുമാവണം... ഇത് പണ്ടുമുതലേയുള്ള ഒരു സാമൂഹ്യകാഴ്ചപ്പാടാണ്. മുപ്പതു  കഴിഞ്ഞിട്ടും വിവാഹിതരാകാത്ത സ്ത്രീകളെ  സഹതാപത്തോടെ നോക്കുന്നവരും കുറവല്ല. എന്നാലും ഈ പെണ്‍കൊച്ചിന് ഒരു ചെക്കനെ കിട്ടുന്നില്ലല്ലോ എന്നാവും  വിലാപം. ഇതേ സ്ഥാനത്ത് വിവാഹം കഴിക്കാത്ത പുരുഷന്മാരോടുള്ള സമീപനം ഇതല്ല.  അവന് കെട്ടാല്‍ താല്‍പ്പര്യമില്ല, പറഞ്ഞു മടുത്തു, പിന്നെ അവന്‍റെ ഇഷ്ടം അതാണെങ്കില്‍ അങ്ങനെ നടക്കട്ടെ  എന്നരീതിയിലാകും  നിലപാട്. 

വിവാഹിതരുടെയും,  ലിവിങ് റിലേഷനിലുള്ളവരുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് ഗവേഷകര്‍ ഈ പഠനം പൂര്‍ത്തിയാക്കിയത്. മാത്രമല്ല, 2020നും 2023നും ഇടയില്‍ നടത്തിയ 10 പഠനങ്ങളുടെ ഡേറ്റയും ഈ പുതിയ പഠനത്തിനായി ശേഖരിച്ചിരുന്നു. ഡേറ്റ കലക്ഷന്‍റെ സമയത്ത്  പ്രണയ ബന്ധങ്ങളില്‍ അല്ലാതിരുന്ന 5491 പേരെയും ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വിവാഹത്തെ വലിയ ഭാരമായും, തങ്ങളുടെ സ്വാതന്ത്ര്യത്തിന് മേല്‍ വന്നു വീഴുന്ന ഒരു കുരുക്കായുമാണ് സ്ത്രീകളില്‍ പലരും കാണുന്നതെന്ന് അര്‍ഥം. പുരോഗമിച്ച സമൂഹമാണെന്ന് നമ്മള്‍ പറയുമ്പോഴും, സ്ത്രീധന പീഡനത്തെയും, അതുമൂലമുണ്ടാകുന്ന മരണങ്ങളെയും പറ്റി എത്രയധികം വാര്‍ത്തകളാണ് നമ്മുടെ കേരളത്തില്‍ തന്നെ കാണുന്നത്.  വ്യവസ്ഥാപിതമായ ഈ വിവാഹ രീതികളോട് വിയോജിപ്പുള്ള സ്ത്രീകള്‍, മാറിച്ചിന്തിക്കുന്നുവെന്നു വേണം മനസിലാക്കാന്‍.. 

ENGLISH SUMMARY:

Single Women Are Happier Than Men: New Study