lipstick-ban

വിചിത്രവും കര്‍ശനവുമായ നിയമങ്ങള്‍ക്ക് എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. രാജ്യത്തെ ജനങ്ങളുടെ വസ്ത്രധാരണം അടക്കമുളള വ്യക്തിപരമായ പല കാര്യങ്ങളിലും ശക്തമായ നിയമം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കിം ജോങ് ഉന്നിന്റെ കീഴില്‍ സമ്പൂര്‍ണ സ്വേച്ഛാധിപത്യമാണ് ഉത്തര കൊറിയയില്‍ നടപ്പിലാക്കുന്നത്. കിം ജോങ് ഉന്‍ രാജ്യത്ത് നടപ്പിലാക്കിയ നിയമങ്ങളില്‍ ഒന്നായിരുന്നു ചുവന്ന ലിപ്സ്റ്റിക്കിന്‍റെ നിരോധനം. സ്ത്രീകള്‍ ചുവന്ന ലിപ്സ്റ്റിക്ക് ഇടരുതെന്നാണ് ഇവിടുത്തെ നിയമം.

 

ചുവന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് വലിയ കുറ്റമായാണ് ഉത്തര കൊറിയ കണക്കാക്കുന്നത്. വിമോചനത്തിന്റെ പ്രതീകമായാണ് ചുവന്ന നിറത്തെ കിം ജോങ് ഉന്‍ കാണുന്നത്. മാത്രമല്ല ചുവന്ന ലിപ്സ്റ്റിക്ക് ഇട്ട സ്ത്രീകൾ കൂടുതൽ സുന്ദരികളായി കാണുമെന്നും ഇത് രാജ്യത്തിന്റെ ധാർമികതയെ ബാധിക്കുമെന്നും സർക്കാരിന്‍റെ നിയമ കുറിപ്പിൽ പറയുന്നുണ്ട്. ചരിത്രപരമായി കമ്മ്യൂണിസവുമായി ബന്ധമുളള നിറമാണ് ചുവപ്പ്. എന്നാല്‍ പുതിയ കാലത്ത് അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നുമാണ് കിം ജോങ് ഉന്നിന്‍റെ വാദം. 

 

നിയമം ലംഘിച്ച് രാജ്യത്ത് ആരെങ്കിലും ചുവന്ന ലിപ്സ്റ്റിക്ക് ഇട്ടാല്‍ കടുത്ത ശിക്ഷയായിരിക്കും അവര്‍ക്ക് ലഭിക്കുക എന്നും നിയമക്കുറിപ്പില്‍ പറയുന്നു. കൂടാതെ സ്ത്രീകള്‍ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും നിയമമുണ്ട്. സത്രീകളുടെ മേക്കപ്പ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

ലിപ്സ്റ്റിക്കിന് മാത്രമല്ല സ്‌കിന്നി ജീന്‍സ് ധരിക്കാനും ഉത്തര കൊറിയയിലെ സ്ത്രീകള്‍ക്ക് അനുവാദമില്ല. മാത്രമല്ല മൂക്ക് കുത്താനോ ബോഡി പിയേഴ്‌സിങ് ചെയ്യാനോ പാടില്ല. ഹെയര്‍സ്റ്റൈല്‍ തിരഞ്ഞെടുക്കുന്നതിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പരിമിതികളുണ്ട്. കിം ജോങ് ഉന്നിന്റെ ഹെയര്‍സ്‌റ്റൈലോ വസ്ത്രധാരണ രീതിയോ ആരും പരീക്ഷിക്കരുതെന്നും നിര്‍ദേശമുണ്ട്. പാശ്ചാത്യ സംസ്കാരത്തിലേക്ക് ആകൃഷ്ടരാകുന്ന യുവതി യുവാക്കളുടെ എണ്ണം രാജ്യത്ത് കൂടുന്നത് ആശങ്കാജനകമാണെന്നും അവരെ ഉത്തര കൊറിയയുടെ സംസ്‌കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.

Red Lipstick Banned in North Korea