പാപുവ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ആയിരങ്ങള്‍ മണ്ണിനടിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ ദുരന്ത നിവാരണ സമിതിയുടെ ആക്ടിങ് ഡയറക്ടര്‍ പറയുന്നത് പ്രകാരം 2000 പേരാണ് ജീവനോടെ മണ്ണിനടിയിലായത്. ചിലയിടങ്ങളില്‍ 10 മീറ്റർ (32 അടി) താഴ്ചയില്‍ മണ്ണ് മൂടിയിരിക്കുകയാണ്. മറ്റു രാജ്യങ്ങളുടെ സൈനികസഹായമുൾപ്പെടെ പാപുവ ന്യൂഗിനി ആവശ്യപ്പെട്ടിട്ടുണ്ട്.
എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മുൻഗ്ലോ പർവത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. 670 പേരെ കാണാതായി എന്നാണ് യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 3,800 ഓളം ആളുകളാണ് ദുരന്തത്തിന്‍ തൊട്ടുമുന്‍പ് ഈ പ്രദേശത്തുണ്ടായിരുന്നത്. അപകടം രാജ്യത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നും രാജ്യത്തിന്റെ സാമ്പത്തികമേഖലയെ ബാധിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. പ്രധാനമന്ത്രി ജെയിംസ് മറാപെ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്ന് 600 കിലോമീറ്റർ അകലെ വടക്ക്-പടിഞ്ഞാറായിട്ടാണ് കാവോകലാം ഗ്രാമം സ്ഥിതിചെയ്യുന്നത്.
അപകടം സംഭവിച്ചിട്ട് നാല് ദിവസമായെങ്കിലും പലരുടെയും മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു കാറിനോളം വലിപ്പമുള്ള പാറകളും വലിയ തടസങ്ങളും മതിയായ ഉപകരണങ്ങളുടെ അഭാവവുമാണ് രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമാക്കുന്നത്. വീണ്ടും ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തക സംഘവും ആശങ്കാകുലരാണ്. ഇത് രക്ഷാപ്രവർത്തകർക്കും ദുരന്തത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കും ഭീഷണിയുയർത്തുന്നുണ്ട്. ഇതുവരെ ആയിരത്തോളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അതേസമയം ഒരു ദമ്പതികളെ പാറക്കടിയിൽ നിന്ന് ജീവനോടെ രക്ഷിച്ചതായി പ്രാദേശിക എൻബിസി ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.