കഴിഞ്ഞ ക്രിസ്മസിന് വീട്ടിലൊരുക്കിയ നക്ഷത്രം കത്തിപ്പോയതുകൊണ്ട്, ഇക്കുറി മികച്ചൊരു പുല്‍ക്കൂടു വേണമെന്നായിരുന്നു ധ്യാനിന്‍റെയും രണ്ടു സഹോദരന്‍മാരുടെയും ആഗ്രഹം. അടുത്ത ക്രിസ്മസിന് കാത്തുനില്‍ക്കാതെ, മാതാപിതാക്കളെ തനിച്ചാക്കി പുത്തുമലയിലെ ദുരന്തത്തില്‍ മൂവരും മറഞ്ഞു. ലോകം ഉണ്ണിയേശുവിന്‍റെ പിറവി ആഘോഷിക്കുമ്പോള്‍, മക്കളെയടക്കം ചെയ്ത കുഴിമാടത്തില്‍ കഴിഞ്ഞദിവസം ആ മാതാപിതാക്കള്‍ ഒരു പുല്‍ക്കൂട് സ്ഥാപിച്ചു. അണയാത്ത സ്നേഹത്തിന്‍റെ കൂട്.
കഴിഞ്ഞ വർഷം ഇതേ സമയം ക്രിസ്മസിനായി കാത്തിരുന്നതാണ് ചൂരൽമലയിൽ നിവേദും ധ്യാനും ഇഷാനും. പുൽകൂടും കരോളുമായി ഒന്നിച്ച് ആഘോഷിച്ചവരാണ്. ഇത്തവണ ക്രിസ്മസ് എത്തുന്നതിന് മുമ്പ് ദുരന്തമെത്തി, ഉരുൾ പൊട്ടി മൂവർക്കും മടങ്ങേണ്ടി വന്നു.
പുത്തുമലയിൽ ഒറ്റയിടത്തായാണ് മൂവർക്കും അന്ത്യവിശ്രമമൊരുക്കിയത്. ഒരുമിച്ച് കളിച്ചു വളർന്നവർ ഒരുമിച്ച് തന്നെ തുടരുന്നുണ്ട്. അവരെ കാണാൻ പിതാവ് അനീഷും മാതാവ് സയനയും ഇടയ്ക്കിടെ വരും. മിഠായി വെച്ച് മടങ്ങും. ഇന്നലെയെത്തിയത് പുൽകൂടുമായാണ്. രണ്ടാമത്തെ മകൻ ധ്യാനിന് ഏറ്റവും ഇഷ്ടപ്പെട്ട അതു പോലൊരു പുൽകൂട്
സാന്‍റയും നക്ഷത്രങ്ങളും എല്ലാമുണ്ട്. ഇത്തവണയും കുട്ടികൾക്ക് ആഘോഷത്തിനു കുറവുണ്ടാവരുതെന്ന് മാതാപിതാക്കൾ ആഗ്രഹിച്ചു കാണണം. മണ്ണോടു ചേർന്നെങ്കിലും അവർക്കൊരു കുറവും വരരുതെന്ന് വിചാരിച്ചു കാണണം. കുട്ടികളുടെ മുത്തശി രാജമ്മയുടെ കുഴിമാടവും തൊട്ടടുത്തുണ്ട്. അവിടെയും ഇഷ്ടപ്പെട്ടതൊക്കെ സമർപ്പിച്ചേ കുടുംബം മടങ്ങാറുള്ളൂ. കുഴിമാടത്തിനിപ്പുറം ഇങ്ങനൊരു കുറിപ്പും കാണാം. മാലാഖമാർക്കൊപ്പം ഞങ്ങൾ സ്വർഗത്തിലിരുന്ന് എല്ലാം കാണുന്നുണ്ടെന്ന കുറിപ്പ്. എല്ലാം ഒരു നോവാണ്. നിസഹായതയുടെ കുറേ കണ്ണീര് വീണ പുത്തുമലയിൽ ഇങ്ങനെയും കാഴ്ചകളുണ്ട്. ഉള്ളതെല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ വിങ്ങുന്ന കാഴ്ചകൾ.