അഭ്യാസപ്രകടനത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിച്ച് താഴെക്ക് പതിക്കുന്ന വിഡിയോ പുറത്ത്. അപകടത്തില്‍ ഒരു വിമാനത്തിന്‍റെ പൈലറ്റ് മരിച്ചതായാണ് വിവരം. തെക്കന്‍ പോര്‍ച്ചുഗലില്‍ നടന്ന സംഭവത്തിന്‍റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
‘ബേജ എയര്‍ ഷോ’യ്ക്കായി നടത്തിയ പരിശീലനത്തിനിടെയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. ആറു വിമാനങ്ങളായിരുന്നു അഭ്യാസപ്രകടനത്തിനുണ്ടായിരുന്നത്. പറന്നുപൊങ്ങി നിമിഷങ്ങള്‍ക്കകം ഏറ്റവും മുന്നിലായി പറന്നിരുന്ന രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നത് വിഡിയോയില്‍ കാണാം. യക്കോലെവ് യാക് എന്ന 52 വയസ്സുകാരന്‍ പൈലറ്റാണ് മരണപ്പെട്ടത്.
യാക്ക് സ്റ്റാര്‍സ് (Yak Stars) എന്ന ഗ്രൂപ്പിന്‍റെ വിമാനങ്ങളായിരുന്നു അഭ്യാസപ്രകടനത്തിലുണ്ടായിരുന്നു. രണ്ടു വിമാനങ്ങള്‍ തകര്‍ന്നതോടെ ബേജ എയര്‍ ഷോ വേണ്ടെന്നു വച്ചു. തെക്കന്‍ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഗ്രൂപ്പിനെയാണ് ബേജ എയര്‍ ഷോയ്ക്കു വേണ്ടി തിരഞ്ഞെടുത്തത്. എന്നാല്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
പരിശീലനം നടക്കുന്ന സമയത്ത് മെഡിക്കല്‍ സേവനങ്ങളടക്കം സജ്ജീകരിച്ചിരുന്നുവെന്നും അപകടം അത്യധികം വിഷമിപ്പിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. പരിശീലനം കാണാനെത്തിയവരില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വിമാനങ്ങള്‍ ഇടിക്കുന്നതും നിലത്തേക്ക് പതിക്കുന്നതുമടക്കം വിഡിയോയില്‍ വ്യക്തമായി കാണാം.