പ്രതീകാത്മക ചിത്രം

മഴക്കാലമാണ്, തോട്ടിലും കുളത്തിലും മീൻപിടിത്തം സജീവമാകുന്ന സമയമാണ്. അതേസമയം, അമേരിക്കയിൽ മീൻപിടിത്തത്തിന് പോയ ദമ്പതികൾക്ക് കൊളുത്തിയത് 83 ലക്ഷത്തിൻറെ ഭാഗ്യമാണ്. ന്യൂയോർക്കിലെ ക്വീൻസിലെ ഫ്ലഷിംഗ് മെഡോസ് കൊറോണ പാർക്കിലെ തടാകത്തിൽ കാന്തം ഉപയോഗിച്ചുള്ള മീൻപിടിത്തത്തിനിടെയാണ് ജെയിംസ് കെയിനും ബാർബി അഗോസ്തിനിക്കും ഒരുപെട്ടി കിട്ടുന്നത്. 

കാന്തത്തിൽ വലുതെന്തോ കൊളുത്തിയെന്ന് ഉറപ്പാക്കിയ ഇരുവരും ആഞ്ഞുവലിച്ച് കരയ്ക്ക് കയറ്റി. നനഞ്ഞ 100 ഡോളറിൻറെ നോട്ടുകളടങ്ങിയ പെട്ടിയാണ് തടാകത്തിൽ നിന്നും ലഭിച്ചത്. ആകെ നോട്ടുകളുടെ മൂല്യം 1 ലക്ഷം ഡോളറാണ്. ഇന്നത്തെ നിരക്ക് പ്രകാരം ഏകദേശം 83,47000 രൂപ ഇതിന് മൂല്യം വരും. നടപടിക്രമത്തിന്റെ ഭാ​ഗമായി സംഭവം ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെൻറിനെ അറിയിച്ചെങ്കിലും ഇവിടെയാണ് ട്വിസ്റ്റ്. 

പണത്തിന് ക്രിമിനൽ കേസുകളുമായി ബന്ധമില്ലാത്തതിനാലും പെട്ടിയുടെ യഥാർഥ ഉടമയെ കണ്ടെത്താൻ സാധിക്കില്ലെന്നതിനാലും പണം കയ്യിൽ വെയ്ക്കാനാണ് പൊലീസ് ഇരുവരോടും ആവശ്യപ്പെട്ടതെന്ന് എൻവൈ1 റിപ്പോർട്ട് ചെയ്യുന്നു. പെട്ടിയിൽ തിരിച്ചറിയൽ രേഖകളൊന്നും തന്നെയില്ലായിരുന്നു, അതിനാൽ യഥാർഥ ഉടമകളെ കണ്ടെത്തുക അസാധ്യമാണെന്ന് ബാർബി അഗോസ്തിനി പറഞ്ഞു. കാന്തം ഉപയോ​ഗിച്ചുള്ള മീൻപിടിത്തം ഹോബിയായി കൊണ്ടുനടക്കുന്ന ഇരുവർക്കും നേരത്തെ രണ്ടാം ലോക മഹായുദ്ധകാലത്തെ ഗ്രനൈഡ്, പത്തൊൻപതാം നൂറ്റാണ്ടിലെ തോക്കുകൾ, മോട്ടോർ സൈക്കിൾ എന്നിവ ഇതിലൂടെ ലഭിച്ചിട്ടുണ്ട്.