അമേരിക്കയില്‍ എച്ച്-1ബി വീസ പരിഷ്‌കരണങ്ങളെച്ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ആശങ്കയിൽ. പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളാണ് യുഎസിൽ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രണ്ടാം വരവിൽ ഇമിഗ്രേഷൻ നയങ്ങള്‍ കർശനമാക്കാനാണ് സാധ്യത. അങ്ങിനെയെങ്കില്‍ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടല്‍, വീസ കാലതാമസം, പിരിച്ചുവിടൽ തുടങ്ങി വന്‍ പ്രതിസന്ധിയായിരിക്കും എച്ച്-1ബി വീസയില്‍ ഇന്ത്യയിലെത്തിയവരെ കാത്തിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. വിദ്യാർഥി വീസയിൽ അമേരിക്കയിലെത്തുന്ന ഇന്ത്യക്കാർ പിന്നീട് എച്ച്1 ബി വർക്ക് വീസയിലേക്കും അതുവഴി ഗ്രീൻ കാർഡിലേക്കും അവിടെനിന്ന് അമേരിക്കൻ പൗരത്വത്തിലേക്കും നീങ്ങാറാണ് പതിവ്.
വീസയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പേരുടെയെങ്കിലും ജോലി ഓഫറുകള്‍ ഇതിനകം റദ്ദാക്കപ്പെട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറിൽ ഒരു യുഎസ് ടെക് കമ്പനി ജോലി വാഗ്ദാനം ചെയ്ത സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ വൈഷ്ണവി സാൻ ഫ്രാൻസിസ്കോയിലേക്ക് മാറാൻ തയ്യാറെടുക്കുന്നതിനിടെയാണ് കമ്പനി ഓഫര്‍ പിന്‍വലിച്ചത്. വൈഷ്ണവി ഇന്ത്യയിലെ ജോലി രാജിവയ്ക്കുകയും ചെയ്തിരുന്നു. വീസ ചട്ടങ്ങള്‍ മാറുന്നതാണ് ഓഫർ പിൻവലിക്കാനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം തീരുമാനങ്ങളില്‍ വ്യക്തതയുണ്ടാകുമ്പോള്‍ ഓഫർ ലെറ്റർ വീണ്ടും നൽകാമെന്ന് കമ്പനി അറിയിച്ചുവെന്നും പക്ഷേ എത്ര നാള്‍ തനിക്ക് കാത്തിരിക്കാനാകുമെന്നും വൈഷ്ണവി ചോദിക്കുന്നു.
അമേരിക്കയിലേക്ക് കുടിയേറാന്‍ കാത്തിരിക്കുന്നവരെ മാത്രമല്ല വീസ പുതുക്കാൻ കാത്തിരിക്കുന്നവരെയും ജോലി നഷ്ടപ്പെടുമോ എന്ന ഭയം അലട്ടുന്നുണ്ട്. ലൊസാഞ്ചലസിലെ സൈബർ സുരക്ഷാ കൺസൾട്ടന്‍റായ സാനിയ ഹാജി എച്ച് 1 ബി വിസ സ്പോൺസർഷിപ്പിൽ കാലതാമസം നേരിടുകയാണ്. അതേസമയം കലിഫോർണിയയിൽ ജോലി ചെയ്യുന്ന ഗുജറാത്തിൽ നിന്നുള്ള ഒരു സോഫ്‌റ്റ്‌വെയർ ഡെവലപ്പർ കയ്യില്‍ വീസയുണ്ടായിരുന്നിട്ടുകൂടി ആശങ്കയിലാണ്. കാരണം കമ്പനി അടുത്തിടെ തൊഴിലാളികളെ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പിരിച്ചുവിടലുകൾ വീസ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അനുസരിച്ച്, 2023ൽ ഇഷ്യൂ ചെയ്ത 380,000 എച്ച്1 ബി വിസകളിൽ 72 ശതമാനവും ലഭിച്ചത് ഇന്ത്യക്കാർക്കാണ്. അവരിൽ ഭൂരിഭാഗവും ഡേറ്റാ സയൻസ്, എഐ, മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ സ്റ്റെം വിഷയങ്ങൾ ജോലി ചെയ്യുന്നവരാണ്. ഈ പ്രഫഷണലുകൾക്ക് പ്രതിവർഷം ശരാശരി 118,000 ഡോളർ (ഏകദേശം 1.01 കോടി രൂപ) ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ട്രംപ് ഭരണകൂടത്തിന്‍റെ H1B പ്രോഗ്രാം പരിഷ്കരണം വലിയ ആശങ്കയ്ക്കാണ് കാരണമാകുന്നത്.
‘മാഗാ’ അനുകൂലികളില്‍ നിന്നും അമേരിക്കയിലെ കുടിയേറ്റക്കാര്‍ കനത്ത തിരിച്ചടി നേരിടുന്നുണ്ട്. മാഗാ എന്നാല്‍ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’. ട്രംപിന്‍റെ തിരഞ്ഞെടുപ്പിലെ ‘മുദ്രാവാക്യം’. പലപ്പോഴും എച്ച്-1ബി വീസയെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇത് അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ക്കും അവര്‍ക്ക് ലഭിക്കേണ്ട വേതനത്തിനും തുരങ്കം വയ്ക്കുന്നുവെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുന്നു. എച്ച്1ബി വീസയിൽ മാറ്റം വരുത്തണം, ഇന്ത്യാക്കാരും ചൈനക്കാരും ഇവിടേക്ക് വരരുത് എന്നാണ് ഇവരുടെ ആവശ്യം.