gaza-war

TOPICS COVERED

ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തിന്റെ ഗതിവിഗതികള്‍ എന്തൊക്കെയെന്ന് ഇടയ്ക്കിടെ ലോകത്തെ ഓര്‍മപ്പെടുത്തുകയാണ് അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ള ദൃശ്യങ്ങളും സംഭവങ്ങളും. സുരക്ഷയില്ലാതെ അത്യാവശ്യ സാധനങ്ങളില്ലാതെ ഭക്ഷണമില്ലാതെ എന്തിന് കുടിവെള്ളം പോലുമില്ലാതെ കുറേ മനുഷ്യര്‍. കുടിവെള്ളത്തിനായി മണിക്കൂറുകളോളം അലയേണ്ട ഗതികേടിന്റെ കഥയാണ് ഗാസയിലെ ഓരോ അഭയാര്‍ഥിക്യാമ്പിനും പറയാനുള്ളത്.

israel-gaza

ദൈവത്തോട് ഒറ്റ പ്രാര്‍ഥന മാത്രം..യുദ്ധം എങ്ങനെയെങ്കിലും തീര്‍ത്ത് തരൂ. വീടൊന്നും ഇല്ലെങ്കിലും വേണ്ട. ടെന്റുകളില്‍ കഴിയാം. എട്ടു മാസം കഴിഞ്ഞു, ആവശ്യത്തിനെങ്കിലും ഭക്ഷണമോ വെള്ളമോ കിട്ടിയിട്ട്. വൈദ്യുതിയില്ല, ജീവിക്കാന്‍ തൊഴിലില്ല, വീടില്ല, സ്കൂളുകളില്ല, ആശുപത്രിയില്ല, എന്തിന് മനുഷ്യരാണെന്ന് തോന്നലുണ്ടാകും പോലെ ഒന്നുമില്ല.. ഇനിയുമിത് വയ്യ ദൈവമേയെന്ന് വിലപിക്കുകയാണ് ഷെന്‍ബാരി. ഭാര്യ ഫാത്തിമയും കുട്ടികളുമായി രാത്രിക്ക് രാത്രി വീടുവിട്ട് രക്ഷപ്പെടുമ്പോള്‍ യുദ്ധകാലം അധികം നീണ്ടുനില്‍ക്കില്ല എന്നായിരുന്നു ഷെന്‍ബാരിയുടെ പ്രതീക്ഷ.. അത് തെറ്റിപ്പോയി. 

അന്തമില്ലാത്ത അഭയാര്‍ഥി വാസത്തില്‍ ജീവിതമെന്ന പ്രതീക്ഷക്ക് ശക്തികുറയുകയാണ്. ഇപ്പോഴത്തെ രൂക്ഷമായ പ്രശ്നം കുടിവെള്ളമില്ലാത്തതാണ്. ക്യാംപുകളിലോ പരിസരത്തോ ഒരിറ്റു വെള്ളമില്ല. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ എന്നും മണിക്കൂറുകളോളം നടന്നാണ് അല്‍പം വെള്ളം ശേഖരിക്കാനാവുക. അത് തന്നെ ശുദ്ധമെന്ന് ഉറപ്പിക്കാനൊന്നുമാവില്ല. ഷെന്‍ബാരിയുടെ കുഞ്ഞുമോന്‍ ഇടക്കിടെ വെള്ളം കുടിക്കാന്‍ ചോദിക്കും.. അവനെ തടയുകയല്ലാതെ മറ്റ് നിവര്‍ത്തിയില്ല ആ ഹതഭാഗ്യനായ അച്ഛന്. ശുദ്ധജലമില്ലാത്തതിന്റെ ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ് ക്യാംപുകളില്‍.

 ഹെപ്പറ്റൈറ്റിസ് പോലുള്ള പകര്‍ച്ചവ്യാധികള്‍ ജീവനെടുക്കുന്നു. അല്‍പ്പം നല്ലവെള്ളമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോവുന്നുവെന്ന് പറയുമ്പോള്‍ ഷെന്‍ബാരിക്ക് ഉള്ള് പൊളളുന്നുണ്ട്. വെള്ളം  പറ്റുന്നത് പോലെ തിളപ്പിച്ച് ശുദ്ധമാക്കുകയാണ് ഫാത്തിമ. വെള്ളം കിട്ടുമ്പോഴൊക്കെ പരമാവധി ഭക്ഷണങ്ങള്‍ ഉണ്ടാക്കിവെക്കും. നാളെയെന്നത് എന്തെന്ന് അറിയില്ലെങ്കിലും ഷെന്‍ബാരി പ്രാര്‍ത്ഥിക്കുകയാണ് വെള്ളം കിട്ടണേ,ജീവന്‍ നിലനില്‍ക്കണേ ഒരു യുദ്ധമില്ലാപ്പുലരി അരികെയുണ്ടാകണേ. 

ENGLISH SUMMARY:

Scenes and events from refugee camps continually remind the world of the dire conditions resulting from the Israel-Palestine conflict. Many people in Gaza's refugee camps live without security, essential supplies, food, or even drinking water, often spending hours searching for water.