തോക്ക് ലൈസന്‍സ് തേടി അപേക്ഷ സമര്‍പ്പിച്ചത് 42,000ത്തിലേറെ ഇസ്രയേലി വനിതകളെന്ന് ആഭ്യന്തര മന്ത്രാലയം. ഇതില്‍ 18,000 പേര്‍ക്ക് ലൈസന്‍സ് അനുവദിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് ഈ വര്‍ധനയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. തോക്ക് ഉപയോഗത്തിനുള്ള നിബന്ധനകളില്‍ വരുത്തിയ ഇളവിന് പുറമെ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണവും സ്ത്രീകളെ തോക്ക് ലൈസന്‍സ് എടുക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മിന്നലാക്രമണം ഇസ്രയേലി സ്ത്രീകളെ കടുത്ത അരക്ഷിത്വത്തിലേക്കാണ് തള്ളിവിട്ടതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം സ്വരക്ഷയ്ക്കായി ആയുധങ്ങളില്‍ അഭയം തേടുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും പ്രവണത തിരുത്തപ്പെടേണ്ടതാണെന്നും സ്ത്രീപക്ഷ സംഘടനകള്‍ പ്രതികരിച്ചു.
2022 ല്‍ ബെൻ ഗിവിർ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് ആയുധ നിയമങ്ങളടക്കം പൊളിച്ചെഴുതിയത്. സ്വരക്ഷയ്ക്കായി സാധാരണ പൗരന്‍മാര്‍ക്ക് ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനെ അനുകൂലിച്ച് കൊണ്ടുള്ളതായിരുന്നു പരിഷ്കരണം. ഇതിന് പിന്നാലെ തോക്ക് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ലളിതമായി. നൂറോളം പേര്‍ക്കാണ് ദിനംപ്രതി ലൈസന്‍സ് അനുവദിച്ചത്. ഇസ്രയേല്‍ പൗരനായിരിക്കണം, അല്ലെങ്കില്‍ പതിനെട്ട് വയസ് പൂര്‍ത്തിയായ സ്ഥിര താമസക്കാരായിരിക്കണം, ഹീബ്രു ഭാഷയില്‍ അടിസ്ഥാന പ്രാവീണ്യവും തോക്ക് ഉപയോഗിക്കുന്നതിനുള്ള മെഡിക്കല്‍ ക്ലിയറന്‍സുമാണ് ലൈസന്‍സിനുള്ള നിബന്ധനകള്‍. ജൂതന്‍മാരല്ലാത്തവര്‍ക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാനാവില്ല. പുതുതായി അനുവദിച്ച ലൈസന്‍സുകള്‍ ഒരുലക്ഷം കവിഞ്ഞ വിവരം വെസ്റ്റ് ബാങ്കില്‍ നടന്ന റാലിയില്‍ സ്വന്തം തോക്കുയര്‍ത്തിയാണ് ബെന്‍ ഗിവിര്‍ പ്രഖ്യാപിച്ചത്. സാധാരണ ജനങ്ങളിലേക്ക് ആയുധമെത്തിക്കുന്ന ബെന്‍ ഗിവിറിന്‍റെ നയത്തിനെതിരെ ഇസ്രയേലില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം, തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ലഭിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു യാഹേല്‍ റെസ്നികെന്ന 24കാരിയുടെ പ്രതികരണം. അപകടഘട്ടങ്ങളില്‍ സ്വയം രക്ഷപെടാനും ഒപ്പമുള്ളവരെ രക്ഷപെടുത്താനും സാധിക്കുമെന്നത് വളരെ വലിയ ആശ്വാസവും ആത്മവിശ്വാസവുമാണ് നല്‍കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ 'വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരേയൊരാള്‍ അവനവന്‍ മാത്രമാണെന്ന തിരിച്ചറിവ് ഓരോ ഇസ്രയേലി വനിതകള്‍ക്കുമുണ്ടായി' എന്നായിരുന്നു 42കാരിയായ കോര്‍ണി നിസിമിന്‍റെ വാക്കുകള്‍. തന്‍റെ സ്വന്തം വീട് ആക്രമിക്കപ്പെട്ടുവെന്നും വീടിനുള്ളില്‍ പോലും സുരക്ഷിതയായില്ലെന്നത് തന്നെ നടുക്കി കളഞ്ഞുവെന്നും അതാണ് ലൈസന്‍സെടുക്കാനും തോക്കുപയോഗിക്കാനുള്ള പരിശീലനം തേടാനും പ്രേരിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലി വനിതകളില്‍ 15,000 പേരെങ്കിലും നിലവില്‍ കയ്യില്‍ ആയുധം കരുതുന്നവരാണ്. വെസ്റ്റ്ബാങ്കിലാവട്ടെ, പതിനായിരത്തോളം സ്ത്രീകള്‍ നിര്‍ബന്ധിത സൈനിക സേവനം ചെയ്യുന്നുവെന്നും മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തില്‍ 1,194 ഇസ്രയേല്യര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിന് മറുപടിയെന്നോണം ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇതുവരെ 37,431 പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായെന്നുമാണ് കണക്കുകള്‍.