child-marriage-pak

പ്രതീകാത്മക ചിത്രം

എഴുപത്തിരണ്ട് വയസുള്ള വയോധികനെ കൊണ്ട് 12കാരി പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള കുടുംബാംഗങ്ങളുടെ ശ്രമം തകര്‍ത്ത് പൊലീസ്. പാക്കിസ്ഥാനിലെ ചാര്‍സദയിലാണ് സംഭവം. സംഭവത്തില്‍ 72കാരനായ വരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് ലക്ഷം പാക്കിസ്ഥാനി രൂപ ഹബീബ് ഖാന്‍ എന്ന 72കാരനില്‍ നിന്നും കൈപറ്റിയാണ് മകളെ ആലം നിക്കാഹ് കഴിച്ച് നല്‍കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയത് അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ പിതാവായ ആലം രക്ഷപെട്ടു.

ബാലവിവാഹ നിരോധന നിയമം അനുസരിച്ച് ഹബീബ് ഖാനെതിരെയും ആലം സയീദിനെതിരെയും നിക്കാഹ് നടത്താന്‍ എത്തിയ മതപുരോഹിതനെതിരെയും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.  പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

ബാലവിവാഹ നിരോധനം നിലവിലുണ്ടെങ്കിലും പാക്കിസ്ഥാനില്‍ മുന്‍പും ഇത്തരം വിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തയിടെയാണ് രജന്‍പുറിലും ഥട്ടയിലും പതിനൊന്നുകാരിയെ നാല്‍പത് കാരന് വിവാഹം കഴിച്ച് നല്‍കാനുള്ള ശ്രമവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 50കാരനായ ഭൂവുടമയ്ക്ക് വിവാഹം ചെയ്ത് നല്‍കാനുള്ള ശ്രമവും അധികൃതര്‍ തടഞ്ഞത്. 

മേയ് ആറിന് സ്വാത് താഴ്വരയില്‍ പതിമൂന്നുകാരിയെ വിവാഹം കഴിച്ച 70കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനാണ് വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

ENGLISH SUMMARY:

Pakistan police successfully prevented the marriage of a 12-year-old girl to a 72-year-old man and arrested the groom.