കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ പ്രതിയായ കൊലക്കേസില്‍ രേണുകാസ്വാമി കൊല്ലപ്പെടുന്നതിന് മുന്‍പുള്ള ചിത്രങ്ങള്‍ പുറത്ത്. പ്രതികളുടെ ഫോണില്‍ നിന്നാണ് നിര്‍ണായക തെളിവ് കണ്ടെത്തിയത്. കൃത്യം നടന്ന ബെംഗളൂരുവിലെ ഷെഡിന് അകത്ത് നിന്ന് പ്രതികളാണ് ചിത്രങ്ങൾ പകർത്തിയത്. കേസില്‍ സിനിമാ താരങ്ങളായ ദർശൻ തൊഗുദീപ, പവിത്ര ഗൗഡ എന്നിവർക്കും മറ്റു 15 പേർക്കുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ജൂൺ 8ന് ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ (33) തലയ്ക്കടിച്ചു കൊന്ന് ബെംഗളൂരു കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്നാണ് കേസ്.
ദർശനും പവിത്ര ഗൗഡയുമായുള്ള ബന്ധം ചോദ്യംചെയ്ത് രേണുകസ്വാമി സന്ദേശമയച്ചതിനെ തുടർന്നാണ് ഫാൻസ് അസോസിയേഷന്റെ സഹായത്തോടെ കൊലപാതകം നടപ്പിലാക്കിയതെന്ന് 3991 പേജുകളുള്ള കുറ്റപത്രത്തിൽ പറയുന്നു. 8 ഫൊറൻസിക് റിപ്പോർട്ടുകളും ഇതിന്റെ ഭാഗമാണ്. 231 സാക്ഷികളുണ്ട്. ഇതിൽ 27 പേർ മജിസ്ട്രേട്ട് മുൻപാകെ മൊഴി നൽകി. പ്രതികളുടെ വസ്ത്രത്തിലെ രക്തം രേണുകസ്വാമിയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി.
കൊലപാതകം നടന്ന സമയത്ത് ഇവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതിന്റെ ലൊക്കേഷൻ രേഖകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. രാജരാജേശ്വരി നഗറിനു സമീപം പട്ടണഗെരെയിലെ ആളൊഴിഞ്ഞ പറമ്പിലെ ഷെഡിൽ രേണുകസ്വാമിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന്റെ ചിത്രം പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോണിൽ നിന്നു പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനായി ദർശൻ കൈമാറിയത് ഉൾപ്പെടെ 70.4 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.