Image: Korean Central News Agency (KCNA)

Image: Korean Central News Agency (KCNA)

24 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഉത്തര കൊറിയയിലെത്തി റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന്‍. പ്യോങ്യാങ് വിമാനത്താവളത്തിലെത്തി പുട്ടിനെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സ്വീകരിച്ചു. ഇരുരാജ്യങ്ങളുടെയും ഊഷ്മള സൗഹൃദത്തില്‍ നിര്‍ണായകമാണ് കൂടിക്കാഴ്ചയെന്നും ചരിത്രപരമാണ് ഈ നിമിഷമെന്നും ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമമായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യു.എസിന്‍റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളെ മറികടക്കാന്‍ ഇരു രാജ്യങ്ങളും കൂട്ടായി പ്രയ്തനിക്കുമെന്ന് പുട്ടിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

NKOREA-RUSSIA-DIPLOMACY

Image: KCNA

വിനോദസഞ്ചാരം– സാംസ്കാരിക– വിദ്യാഭ്യാസ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ വിശാലമാക്കുമെന്നും പുട്ടിന്‍ പറഞ്ഞു. 2019 ല്‍ പുട്ടിന്‍ കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക, സാമ്പത്തിക ബന്ധം ഊഷ്മളമായിരുന്നു. യുക്രൈനിലേക്ക് ആവശ്യമായ ആയുധങ്ങള്‍ വരെ ഒരു ഘട്ടത്തില്‍ ഉത്തരകൊറിയയാണ് റഷ്യയ്ക്ക് നല്‍കി സഹായിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റഷ്യയില്‍ നിന്ന് സൈനിക സാങ്കേതിക വിദ്യകള്‍ പകരം സ്വീകരിച്ചാണ് ഈ ആയുധക്കൈമാറ്റം നടന്നതെന്നാണ് ദക്ഷിണ കൊറിയയും യുഎസും ആരോപിച്ചത്. 

നീതിയിലും പരസ്പര ബഹുമാനത്തിലും പരമാധികാര സംരക്ഷണത്തിലും അധിഷ്ഠിതമായ ലോകവ്യവസ്ഥ നിര്‍മിക്കാനുള്ള ശ്രമങ്ങളെ തകര്‍ക്കാനുള്ള പാശ്ചാത്യ മോഹങ്ങളെ നിഷ്പ്രഭമാക്കാനുള്ള പോരാട്ടത്തില്‍ ഉത്തരകൊറിയയും റഷ്യയും ഒന്നിച്ച് മുന്നോട്ട് നീങ്ങുമെന്നും പുട്ടിന്‍ പ്രതികരിച്ചു. സുരക്ഷാ സഹകരണം അടക്കം വിവിധവിഷയങ്ങളില്‍ കരാറുകളില്‍ ഒപ്പുവയ്ക്കുമെന്ന് റഷ്യന്‍ വിദേശകാര്യവക്താവ് യൂറി യുഷകോവ് പറഞ്ഞു. ഉപപ്രധാനമന്ത്രി, വിദേശകാര്യ, പ്രതിരോധമന്ത്രിമാര്‍ എന്നിവരും പുടിനൊപ്പം കൊറിയയില്‍ എത്തിയിട്ടുണ്ട്. യുക്രൈനിലെ സൈനിക നടപടികള്‍ക്ക് ഉത്തരകൊറിയ നല്‍കിയ ഉറച്ച പിന്തുണയെ പുട്ടിന്‍ പ്രശംസിച്ചതിന് പിന്നാലെയാണ് പ്യോങ്യാങ് സന്ദര്‍ശനം. 

putin-welcome

Image: KCNA

റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്‍റിന് സ്വാഗതമെന്നെഴുതിയ ഫ്ലക്സുകളടക്കം തെരുവുകളില്‍ സ്ഥാപിച്ചാണ് പുട്ടിനെ പ്യോങ്യാങ് വരവേറ്റത്. ഉത്തര കൊറിയയ്ക്കും റഷ്യയ്ക്കും മേല്‍ യു.എസും സഖ്യ കക്ഷികളും ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അന്യായവും ഏകപക്ഷീയവുമാണെന്നും ഒന്നിച്ച് ഇത്തരം ശ്രമങ്ങളെ ചെറുക്കുമെന്നും പുട്ടിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിന് ശേഷം വിയറ്റ്നാം സന്ദര്‍ശിച്ചാവും പുട്ടിന്‍റെ മടക്കമെന്നും രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടിക്കടിയുള്ള ആണവ– മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്നാണ് ഉത്തര കൊറിയയ്ക്ക് യുഎന്‍ സുരക്ഷ സമിതി സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് യുഎസും സഖ്യ കക്ഷികളും റഷ്യയ്ക്ക് മേല്‍ ഉപരോധം കൊണ്ടുവന്നത്.  

ENGLISH SUMMARY:

Russin President Vladimir Putin, making his first trip to North Korea in 24 years. Putin said the countries will expand cooperation in tourism, culture and education.