ചിരിച്ചും തമാശ പറഞ്ഞും രണ്ട് രാജ്യതലവന്‍മാര്‍ ഒരേ വാഹനത്തില്‍. കഴിഞ്ഞ ദിവസമാണ് ഈ കാഴ്ച ലോകരാജ്യങ്ങള്‍ കണ്ടത്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനു ഒരു കാര്‍ സമ്മാനിച്ചു. ഈ കാറിലായിരുന്നു ഇരുവരുടേയും യാത്ര.
ജൂൺ 18,19 തീയതികളിൽ ഉത്തര കൊറിയയിൽ നടത്തിയ സന്ദർശനത്തിലാണ് പുട്ടിൻ കിമ്മിന് റഷ്യൻ നിർമിത ആഡംബര കാറായ ഔറസ് സെനറ്റ് ലിമസീൻ സമ്മാനിച്ചത്.
പോങ്യാങിലെ കൊട്ടാരവളപ്പിലെ പൂന്തോട്ടത്തിലൂടെ കിമ്മും പുട്ടിനും ഈ കാർ ഓടിച്ചു നോക്കിയിരുന്നു. ഈ യാത്രയായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വൈറലായത്. ഇരുരാജ്യങ്ങളുടെയും ബന്ധം വെളിവാക്കുന്നതു കൂടിയായിരുന്നു ഈ കാര്‍ വിഡിയോ. റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ആണ് ഈ വിഡിയോ ആദ്യമായി പുറത്തുവിട്ടത്. ഡ്രൈവര്‍ സീറ്റില്‍ പുടിനും തൊട്ടടുത്ത സീറ്റില്‍ കിം ജോങ് ഉന്നുമാണ് ഇരുന്നത്. ശേഷം ഇരുനേതാക്കളും ചിരിച്ചുസംസാരിച്ച് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആഡംബര വിദേശകാറുകളുടെ വലിയൊരു ശേഖരമുണ്ട് കിമ്മിന്.
എന്നാല്‍ പുടിന്‍ വളരെ സ്നേഹത്തോടെ കിമ്മിനു സമ്മാനിച്ച ഈ കാറിനു ദക്ഷിണകൊറിയയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാറിന്റെ നിര്‍മാണം റഷ്യയില്‍ തന്നെ, പക്ഷേ നിര്‍മാണ സാമഗ്രികള്‍ അങ്ങ് ദക്ഷിണകൊറിയയില്‍ നിന്നാണെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറിന്റെ പ്രധാനപ്പെട്ട സെന്‍സറുകളും സ്വിച്ചുകളും ബോഡി ലോഹഭാഗങ്ങളും ദക്ഷിണകൊറിയയുടെ തലച്ചോറില്‍ നിന്നുണ്ടായതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
3.4കോടി ഡോളറിന് 2018 മുതല്‍ റഷ്യ ഇറക്കുമതി ചെയ്ത സാധനങ്ങളാണ് ഈ കാര്‍ നിര്‍മാണത്തിലും ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണകൊറിയയില്‍ നിന്നു മാത്രമല്ല ഇന്ത്യ, ചൈന, തുർക്കി, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും റഷ്യ ഇത്തരത്തിൽ വാഹന നിർമാണ സാമഗ്രികൾ ഇറക്കുമതി ചെയ്തിരുന്നു.
ആഡംബര കാറുകളുടെ ആരാധകനായ കിമ്മിന്റെ ഉത്തരകൊറിയയിലേക്ക് ആഡംബര വിദേശകാറുകളുടെ ഇറക്കുമതി യുഎന്‍ നിരോധിച്ചതോടെയാണ് രാജ്യം റഷ്യയെ ആശ്രയിച്ചുതുടങ്ങിയത്. ഇരുരാജ്യങ്ങളുടെയും കട്ട സൗഹൃദമാണ് കാര്‍ സമ്മാനിച്ച സമയത്ത് ചര്‍ച്ചയായതെങ്കിലും കാറൊരു ചതിയാണോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ കൊടുമ്പിരിക്കൊള്ളുന്നത്. പുടിനെ പോലെ തന്നെ കിമ്മിന്റെ യാത്രകളേക്കുറിച്ചും ഏറ്റവും അടുത്ത വൃത്തങ്ങള്‍ക്കല്ലാതെ അറിയില്ല. സുരക്ഷാഭീതിയില്‍ വിമാനത്തില്‍ പോലും കിം കയറാറില്ല.
ഈ സാഹചര്യത്തില്‍ ദക്ഷിണ കൊറിയൻ സെൻസറുകളുള്ള ഔറസ് സെനറ്റ് ലിമസീൻ കിം ഇനി ഉപയോഗിക്കുമോയെന്ന് കണ്ടറിയാം.