മനുഷ്യ ചരിത്രം അതിജീവന കഥകളാല്‍ സമ്പന്നമാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും ആത്മവിശ്വാസത്തോടെ അതിജീവിച്ച മനുഷ്യരാണ് ലോകത്ത് ചരിത്രം കുറിച്ചിട്ടുള്ളത്. അത്തരത്തില്‍  ലോകത്തെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയില്‍ ഒന്‍പതു ദിവസങ്ങള്‍ ഒറ്റപ്പെട്ടു പോയ, ആത്മവിശ്വാസത്തിന്റെ ബലത്തില്‍ ജീവനോടെ തിരിച്ചെത്തിയ മനുഷ്യന്‍റെ കഥയ്ക്ക് മൂന്നുപതിറ്റാണ്ട്.

1994 ഏപ്രിൽ 10. മൊറൊക്കോയിൽ ഒരു മാരത്തൺ മത്സരം നടക്കുകയാണ്. മാരത്തോൺ ഡെസ് സാബ്ൾസ് അഥവാ മാരത്തൺ ഓഫ് സാൻഡ് എന്നു പേരിട്ട ആ മത്സരം നടക്കുന്നത് സഹാറ മരുഭൂമിയിലാണ്. 92 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പരന്നു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമിയിലൂടെ മത്സരാർത്ഥികൾ ഓടിത്തീർക്കേണ്ടത് 251 കിലോമീറ്റർ ദൂരം.

ഇറ്റലിയിലെ റോമിൽ ജനിച്ച മൗറോ പ്രോസ്‌പെറി എന്ന 38 കാരനായ പോലീസുകാരനും ആ മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്. അദ്ദേഹം ഒരു അത്‌ലിറ്റ് കൂടിയാണ്. സുഹൃത്ത് മാൻസയിലൂടെയാണ് മൗറോ ഈ സാഹസിക മാരത്തൺ മത്സരത്തെക്കുറിച്ച് അറിയുന്നത്. അങ്ങനെ സുഹൃത്തിനെയും കൂട്ടി മൗറോ മൊറോക്കോയിലേക്ക് പറന്നു. ചുട്ടുപൊള്ളുന്ന സഹാറാ മരുഭൂമിയിലൂടെയുള്ള മത്സരത്തിനായി മാസങ്ങൾക്ക് മുൻപുതന്നെ തയ്യാറെടുപ്പ് തുടങ്ങി. ദിവസേന 40 കിലോമീറ്ററോളം ഓടും. മരുഭൂമിയിലെ ചൂടുമായി ശരീര താപനിലയെ സമരസപ്പെടുത്താനായി കുടിക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചു.

ആകെ 80 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. ആറു ദിവസം കൊണ്ട് ഓട്ടം പൂർത്തിയാക്കണം. മത്സരാർത്ഥികൾക്ക് ബാക്ക്പാക്കില്‍ അത്യാവശ്യം ഭക്ഷണ സാധനങ്ങളും ഭക്ഷണം പാകം ചെയ്യാനായുള്ള പോർട്ടബിൾ സ്റ്റവും, ഒരു സ്ലീപ്പിങ് ബാഗും, എമർജൻസി കിറ്റും കരുതാമായിരുന്നു. അപകടമുണ്ടായാല്‍ രക്ഷാപ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കാനായി ഒരു സിഗ്നൽ ഫ്ലയറും നല്‍കും. മരുഭൂമിയിൽ ഓടേണ്ട റൂട്ട് ചില സിഗ്നലുകൾ അടക്കം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഇടയ്ക്ക് റെയ്സ് പോയിന്റുകളും ഉണ്ടാകും. അവിടെ നിന്ന് ആവശ്യമായ വെള്ളവും ലഭിക്കും. അങ്ങനെ മത്സരം ആരംഭിച്ചു.

ആദ്യത്തെ മൂന്നുദിവസം പ്രോസ്പെറിയും മാൻസോയും ഓടി തീർത്തത് 96 കിലോമീറ്റർ. നാലാം ദിവസം, അതായത് 1994 ഏപ്രിൽ 14. രാവിലെ ഒരുമിച്ചാണ് ഓട്ടം തുടങ്ങിയതെങ്കിലും കുറച്ചുകഴിഞ്ഞപ്പോള്‍ പ്രോസ്‌പെറി മാൻസോയെ മറികടന്ന് മുന്നിലെത്തി. അന്തരീക്ഷ താപനില വളരെ കൂടുതലായിരുന്നു. ഉയർന്നുപൊങ്ങുന്ന ഉഷ്ണക്കാറ്റിൽ അയാൾ വിയർത്തൊലിച്ചു. പതിയെ ഉഷ്ണക്കാറ്റ് കൊടുങ്കാറ്റായി മാറി. ഓട്ടം നിർത്തിയാൽ ആ മണൽക്കാറ്റിനുള്ളിൽ പെട്ടുപോകുമോ എന്ന് ഭയന്ന പ്രോസ്പെറി വീണ്ടും ഓട്ടം തുടർന്നു. നീണ്ട എട്ടു മണിക്കൂറുകൾ അയാൾ ഓടി. ഉഷ്ണക്കാറ്റ് ഒതുങ്ങിയപ്പോൾ തളർന്നവശനായി നിന്നു. മണൽത്തരികൾ ശ്വസിച്ചതുകാരണം മൂക്കിൽ നിന്ന് രക്തം വരാൻ തുടങ്ങി. തൊണ്ടയിലും ചെറു മുറിവുകൾ ഉണ്ടായിരുന്നു. അയാൾ ചുറ്റും നോക്കി. മറ്റ് മത്സരാർത്ഥികളെയൊന്നും കാണാനില്ല.

അന്ന് രാത്രി അവിടെ വിശ്രമിച്ച ശേഷം പ്രോസ്പെറി പിറ്റേന്ന് രാവിലെ ഓട്ടം തുടർന്നു. എന്നാൽ നാലു മണിക്കൂറുകളോളം പിന്നിട്ടിട്ടും മറ്റാരെയും കണ്ടില്ല. അപ്പോഴാണ് അയാൾ ആ വാസ്തവം തിരിച്ചറിഞ്ഞത്. മത്സരത്തിനായി രേഖപ്പെടുത്തിയിരുന്ന ട്രാക്ക് കാണുന്നില്ല. തനിക്ക് വഴി തെറ്റിയിരിക്കുന്നു! കൈവശമുള്ള വെള്ളവും കുറഞ്ഞു തുടങ്ങിയിരുന്നു. ആരെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ അല്‍പ്പാല്‍പ്പമായി മാത്രം വെള്ളം കുടിച്ച് അയാൾ നടത്തം തുടർന്നു. എന്നാൽ മതിയായ വെള്ളം ലഭിക്കാതെ ശരീരം തളർന്നു തുടങ്ങിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരെയും കണ്ടില്ല. വെള്ളം പൂർണ്ണമായും തീർന്നിരിക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവ് ഏത് വിധേനയും നിലനിർത്തിയേ മതിയാവൂ എന്ന് തിരിച്ചറിഞ്ഞ പ്രോസ്പെറി അതിന് ഞെട്ടിക്കുന്ന ഒരു പോംവഴി കണ്ടെത്തി.  സ്വന്തം മൂത്രം കുപ്പിയിൽ ശേഖരിച്ച് കുറേശ്ശെ കുടിക്കുക!

മണിക്കൂറുകള്‍ കടന്നുപോയി. അപ്പോഴാണ് താഴ്ന്നു പറക്കുന്ന ഒരു ഹെലികോപ്റ്റർ അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. തന്നെ തിരഞ്ഞു വന്ന രക്ഷാപ്രവർത്തകരാകും എന്നുകരുതി പ്രോസ്പെറി തന്റെ കൈവശം ഉണ്ടായിരുന്ന സിഗ്നൽ ഫ്ലയർ പ്രയോഗിച്ചു. എന്നാല്‍ പൈലറ്റ് അത് കണ്ടില്ല. ഹെലികോപ്റ്റർ പറന്നകന്നു. നിരാശനായി അയാൾ നടത്തം തുടർന്നു. അപ്പോഴും ശരീരത്തിലെ ജലാംശം നിലനിർത്താനായി പ്രോസ്പെറി ആവുന്നതെല്ലാം ചെയ്തു കൊണ്ടിരുന്നു. കൈവശമുണ്ടായിരുന്ന വെറ്റ് വൈപ്സ് പോലും അയാൾ ഉപയോഗിച്ചു. വൈപ്സ് പിഴിഞ്ഞ് ഇറ്റ് വീഴുന്ന വെള്ളത്തുള്ളികൾ കൊണ്ട് നാവു നനച്ചു.. പിന്നെയും മണിക്കൂറുകൾ കടന്നു പോയി.

കുറച്ചുചെന്നപ്പോള്‍ ഒരു കെട്ടിടം കണ്ടു. അതൊരു പഴയ മുസ്ലിം ആരാധനാലയമായിരുന്നു. എന്നാല്‍ അവിടം ശൂന്യമായിരുന്നു. തല്‍ക്കാലം അവിടെ തങ്ങാമെന്ന് തീരുമാനിച്ചു. രണ്ടുദിവസം കടന്നുപോയി. മൂത്രം കുടിച്ചും വെറ്റ് വൈപ്സ് ഉപയോഗിച്ചും പ്രോസ്പെറി നാവില്‍ ജലാംശം നിലനിര്‍ത്തി. അതിജീവനത്തിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും പയറ്റി. അവിടെയുണ്ടായിരുന്ന വവ്വാലുകളെ പിടികൂടി പോക്കറ്റ് കത്തി ഉപയോഗിച്ച് തലയറുത്തുകളഞ്ഞ് രക്തമിറ്റിച്ച് കുടിച്ചു. പച്ച മാംസം ഭക്ഷിച്ചു. ഏതു വിധേനയും ജീവന്‍ നിലനിര്‍ത്തുക എന്നതായിരുന്നു ഏക ലക്ഷ്യം.

ഒന്ന് രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ പ്രതീക്ഷയറ്റുതുടങ്ങി. ആ കെട്ടിടത്തില്‍ കിടന്ന് മരിക്കുകയാണെങ്കില്‍ കുടുംബത്തിന് തന്‍റെ ശരീരമെങ്കിലും കണ്ടെത്താനുളള അടയാളമായി അയാള്‍ ബാഗിലുണ്ടായിരുന്ന ഇറ്റാലിയന്‍ പതാക കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചു. പ്രോസ്പെറി മരുഭൂമിയില്‍ അകപ്പെട്ടിട്ട് അപ്പോള്‍ നാലു ദിവസം പിന്നിട്ടിരുന്നു. അപ്പോഴാണ് പ്രതീക്ഷയുടെ അവസാന വെട്ടം വീഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ഹെലിക്കോപ്റ്ററിന്‍റെ ശബ്ദം കേട്ടത്. ഇനിയൊരു അവസരമില്ലെന്ന് ഉറപ്പിച്ച അദ്ദേഹം പൈലറ്റിന്‍റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ആവുംവിധം പരിശ്രമിച്ചു. കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ ഉപയോഗിച്ച് തീകത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിര്‍ഭാഗ്യം മണല്‍ക്കാറ്റിന്റെ രൂപത്തില്‍ വീണ്ടുമെത്തി. 12 മണിക്കൂറാണ് ആ മണല്‍ക്കാറ്റ് നീണ്ടുനിന്നത്. ഹെലിക്കോപ്റ്റര്‍ പ്രോസ്പെറിയെ കാണാതെ പറന്നകന്നു.

അവസാന പ്രതീക്ഷയും നഷ്ടമായ പ്രോസ്പെറി ഇനി രക്ഷയില്ലെന്ന് ചിന്തിച്ചുതുടങ്ങി. ഏതായാലും മരിക്കും. എങ്കില്‍പ്പിന്നെ മരണം തന്‍റെ കൈകൊണ്ടു തന്നെയാകട്ടെ എന്ന് അയാള്‍ തീരുമാനിച്ചു. ചാര്‍ക്കോള്‍ ഉപയോഗിച്ച് കുടുംബത്തിനായി ചുമരില്‍ ഒരു സന്ദേശം എഴുതിവച്ച് പോക്കറ്റ് കത്തി ഉപയോഗിച്ച് കൈത്തണ്ട മുറിച്ചു. മരണം പ്രതീക്ഷിച്ച് നിലത്തു കിടന്നു. നേരം പുലരുമ്പോള്‍ താനുണ്ടാവില്ല എന്ന് ഉറച്ചുവിശ്വസിച്ച് ഉറങ്ങി. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. രാവിലെ കണ്ണില്‍ വെളിച്ചം പതിച്ചപ്പോഴാണ് പ്രോസ്പെറോ ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. കൈത്തണ്ടയിലെ മുറിവില്‍ നിന്ന് കാര്യമായി രക്തം ഒഴുകിയിട്ടില്ല. കടുത്ത ഡീഹൈഡ്രേഷന്‍ കാരണമായിരിക്കണം, രക്തം ഒഴുകാതെ മുറിവില്‍ കട്ടപിടിച്ചു നില്‍ക്കുകയായിരുന്നു. അതോടെ പ്രോസ്പെറി ആത്മവിശ്വാസം വീണ്ടെടുത്തു. തനിക്ക് ജീവിക്കണം. എങ്ങനെയും രക്ഷപ്പെട്ടേ മതിയാവൂ എന്നായി ചിന്ത.

ആ കെട്ടിടം ഉപേക്ഷിച്ച് പ്രോസ്പെറോ വീണ്ടും നടന്നു. നാലു ദിവസം കൂടി കടന്നു പോയി. ചൂടു കുറവുള്ള പുലര്‍ച്ചെയും വൈകുന്നരങ്ങളിലും മാത്രമായിരുന്നു യാത്ര. അകലെ കണ്ട ഒരു പര്‍വതം ലക്ഷ്യമാക്കി അയാള്‍ നടന്നു. ചെടികളുടെ വേരുകളിലെ ജലാംശം ഊറ്റിക്കുടിച്ചും ചെറു പ്രാണികളെയും വണ്ടുകളെയും പിടിച്ചുതിന്നും ദിവസങ്ങള്‍ തളളിനീക്കി. അങ്ങനെ എട്ടു ദിവസം പിന്നിട്ടു. അന്നാണ് ആദ്യമായി ഒരു മരുപ്പച്ച കണ്ടത്. അവിടെയുണ്ടായിരുന്ന വെള്ളം ആര്‍ത്തിയോടെ കുടിച്ചു. കുപ്പിയില്‍ വെള്ളം ശേഖരിച്ച് വീണ്ടും നടന്നു.

കുറച്ചുദൂരം പിന്നിട്ടപ്പോള്‍ ഉണങ്ങാത്ത ആട്ടിന്‍ കാഷ്ഠം പ്രോസ്പെറിയുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രത്യാശ അയാളെ വലയം ചെയ്തു. ഒടുവില്‍ മനുഷ്യന്‍റെ കാല്‍പാടുകള്‍ കണ്ണില്‍ പതിഞ്ഞു. ദിവസങ്ങള്‍ക്കു ശേഷം പ്രോസ്പെറിയുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. ചുറ്റുപാടും നോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്. ആടുകളെ മേയ്ച്ച് ഒരു പെണ്‍കുട്ടി ഇരിക്കുന്നു. അടക്കാവാനാത്ത സന്തോഷത്താല്‍ ആ പെണ്‍കുട്ടിക്ക് നേരെ ഓടിച്ചെന്നു. സഹായിക്കണമെന്ന് ആവുന്ന ഭാഷയിലൊക്കെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാളുടെ രൂപം കണ്ടു പേടിച്ച ആ കൊച്ചു പെണ്‍കുട്ടി എവിടേക്കോ ഓടിപ്പോയി. ദുര്‍വിധി അകന്നിട്ടില്ലെന്ന് കരുതി വിഷമിച്ചുനിന്ന പ്രോസ്പെറോയുടെ മുന്നിലേക്ക് അല്‍പസമയത്തിനകം അവള്‍ തന്‍റെ മുത്തശ്ശിയെയും കൂട്ടി വന്നു. അവര്‍ അദ്ദേഹത്തെ അവരുടെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപായി. അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ അദ്ദേഹത്തിന് ചായയും ആട്ടിന്‍പാലും നല്‍കി. എന്നാല്‍ ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ അവര്‍ കൊടുത്ത ആഹാരം പ്രോസ്പെറി ഛര്‍ദിച്ചു. തുടര്‍ന്ന് അവര്‍ പ്രോസ്പെറിയെ ഒട്ടകപ്പുറത്ത് കയറ്റി പൊലീസ് ക്യാംപ് പ്രവര്‍ത്തിക്കുന്ന തൊട്ടടുത്ത ഗ്രാമത്തിലേക്കെത്തിച്ചു. മൊറോക്കന്‍ ചാരനാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. വിശദമായി ചോദ്യം ചെയ്തപ്പോളാണ് അദ്ദേഹത്തിന്‍റെ ഞെട്ടിക്കുന്ന കഥ അവര്‍ അറിഞ്ഞത്. അതോടെ അവര്‍ പ്രോസ്പെറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരത്തോണ്‍ ട്രാക്കില്‍ നിന്ന് ദിശതെറ്റി 289 കിലോമീറ്ററാണ് മൗറോ പ്രോസ്പെറി നടന്നു തീര്‍ത്തത്. അപ്പോഴേക്കും മൊറോക്കന്‍ അതിര്‍ത്തി കടന്ന് അദ്ദേഹം അള്‍ജീരിയയില്‍ എത്തിയിരുന്നു.

എട്ടുദിവസത്തെ പട്ടിണിയും സമ്മര്‍ദവും കാരണം മൗറോയുടെ ശരീരഭാരം ഒറ്റയടിക്ക് 15 കിലോ കുറഞ്ഞുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിര്‍ജലീകരണം മാറാന്‍ 16 ലീറ്റര്‍ ഇന്‍ട്രാവീനസ് ഫ്ലൂയിഡ് വേണ്ടിവന്നു. കരളിനുണ്ടായ തകരാറ് കാരണം മാസങ്ങളോളം സൂപ്പും വെള്ളവും അരച്ച ഭക്ഷണവും കഴിച്ചാണ് പ്രോസ്പെറി ജീവിച്ചത്. വൃക്കകള്‍ക്കും ഗുരുതരമായ തകരാറുണ്ടായി. ഒരുവര്‍ഷത്തോളം കാല്‍മുട്ടുകള്‍ ചലിപ്പിക്കാനും ബുദ്ധിമുട്ടി. എന്നാല്‍ പ്രോസ്പെറി അല്‍ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ആറുതവണ കൂടി മാരത്തോൺ ഡെസ് സാബ്ൾസില്‍ പങ്കെടുത്തു. 2001ല്‍ പതിമൂന്നാംസ്ഥാനത്തെത്തുകയും ചെയ്തു. മരുഭൂമിയെയും അതിന്റെ അപാരമായ വ്യക്തതയെയും താന്‍ സ്നേഹിക്കുന്നുവെന്ന് പ്രോസ്പെറി പറഞ്ഞിട്ടുണ്ട്. പിന്നീട് നാഷണല്‍ ജ്യോഗ്രഫിക്, ഡിസ്കവറി ചാനലുകള്‍ പ്രോസ്പെറിയുടെ അതിജീവനകഥ ഡോക്യുമെന്ററികളാക്കി. അതേ വഴിയില്‍ സിനിമകളും സീരീസുകളും രൂപംകൊണ്ടു. പ്രോസ്പെറി ജീവിക്കുന്ന ഇതിഹാസമായി. മനുഷ്യന്റെ അതിജീവനത്തിന്റെ വറ്റാത്ത പ്രചോദനങ്ങളില്‍ ഒന്നായി ഇന്നും അയാളുടെ ജീവിതം നമുക്കുമുന്നില്‍ നില്‍ക്കുന്നു.

ENGLISH SUMMARY:

The Lost Man Survived 9 Days Alone in the Sahara Desert