പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് മുന്നോടിയായി മോസ്കോയിൽ ഹിന്ദു ക്ഷേത്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് റഷ്യയിലെ ഇന്ത്യക്കാർ. ഇന്ത്യൻ ബിസിനസ് അലയൻസ് ആൻഡ് ഇന്ത്യ കൾചറൽ നാഷണൽ സെന്‍റര്‍ പ്രസിഡന്‍റ് സാമി കോത്‌വാണിയാണ് വിഷയം ഉന്നയിച്ചത്. ഈമാസം എട്ടിനാണ് പ്രധാനമന്ത്രിയുടെ റഷ്യാ സന്ദർശനം. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തും. 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രൈൻ യുദ്ധത്തിനുശേഷം ആദ്യമായിട്ടാണ് മോദി റഷ്യ സന്ദർശിക്കുന്നത്.

പരമ്പരാഗതമായി പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ റഷ്യയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ മതമായ ഹിന്ദുമതം ക്രമേണയാണ് വളര്‍ച്ച പ്രാപിച്ചത്. ശക്തമായ ക്രിസ്ത്യൻ ജനസംഖ്യ ഉണ്ടായിരുന്നിട്ടും റഷ്യയിൽ ഹിന്ദു ക്ഷേത്രങ്ങളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത് റഷ്യയിലെ മാറുന്ന മതകാഴ്ചപ്പാടുകളുടെയും വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിന്‍റെയും ലക്ഷണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയിലെ ഹിന്ദു അസോസിയേഷനുകൾ കേവലം ഒരു മതവിഭാഗമായി മാത്രമല്ല ഇന്ത്യക്കാര്‍ക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്.

1900കളിലാണ് റഷ്യയിൽ ഹിന്ദുമതത്തിന് പ്രചാരം ലഭിക്കുന്നത്. പുനർരൂപീകരണം എന്നർഥം വരുന്ന പെരസ്ട്രോയിക എന്നാണ് ഈ കാലം വിശേഷിപ്പിക്കപ്പെടുന്നത്. ഇക്കാലയളവിൽ രാജ്യത്ത് വലിയ തോതിലുള്ള രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങളാണ് നടന്നത്. രാജ്യപുരോഗതിക്കായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ ജാതിമതവർണ വ്യത്യാസമില്ലാതെ റഷ്യ സ്വാഗതം ചെയ്തു. കിഴക്കൻ ആശയങ്ങളോട് റഷ്യക്കാർ വലിയ താൽപര്യമാണ് പ്രകടിപ്പിച്ചത്. ഇന്ത്യൻ സാഹിത്യങ്ങളും, യോഗയും സോവിയറ്റ് യൂണിയനിൽ ഹൈന്ദവ ആശയങ്ങൾ പ്രചരിക്കുന്നതിന് കാരണമായി. 1900കളിൽ നാസ്തിക ചിന്താഗതിയും പ്രബലമായിരുന്നു. 

ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാകുമെന്നതിനാല്‍ ഹൈന്ദവജനതയുടെ ആവശ്യങ്ങളോട് റഷ്യന്‍ സര്‍ക്കാരിനും എതിര്‍പ്പില്ല. റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ ഹിന്ദു ഘടനകളും കമ്മ്യൂണിറ്റി സെന്‍ററുകളും ഉൾപ്പെടെ നിരവധി ആത്മീയ കേന്ദ്രങ്ങളുമുണ്ട്. ജൂലൈ 8 ന് പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തില്‍  റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍  ക്ഷേത്രനിർമ്മാണത്തെക്കുറിച്ചും സംസാരിക്കണമെന്നാണ് റഷ്യയിലുള്ള ഇന്ത്യക്കാരുടെ ആവശ്യം. 

ENGLISH SUMMARY:

Indians in Russia seek a Hindu Temple to be built, ahead of Prime Minister Modi’s visit