joe-biden

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍, ജോ ബെഡനു പകരം മറ്റൊരാളെ മല്‍സരിപ്പിക്കാന്‍  ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ആലോചന. ട്രംപുമായി നടന്ന പ്രസിഡന്‍ഷ്യല്‍ സംവാദത്തിലുള്‍പ്പെടെ ബൈഡന്  അടിപതറിയ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം ബൈഡനെ മാറ്റണമെന്ന ആവശ്യം പരസ്യമായി പറഞ്ഞിരുന്നു, മിഷേല്‍ ഒബാമയും  കമല ഹാരിസുമാണ് സജീവ പരിഗണനയില്‍

 

പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ബൈഡന്‍റെ ദയനീയ പ്രകടനമാണ് മാറിചിന്തിക്കാന്‍ ‍ഡെമോക്രാറ്റുകളെ പ്രേരിപ്പിക്കുന്നത്. രാജ്യാന്തരവേദികളില്‍ ബൈഡന്‍റെ പെരുമാറ്റം അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ്. കമല ഹാരിസടക്കമുള്ള നേതാക്കള്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുതകും വിധം ജനപ്രീതിയുള്ളവരല്ല. രാജ്യാന്തര സ്വീകാര്യതയുള്ള ഒരു നേതാവിനെ കണ്ടെത്താനുള്ള അന്വേഷണം മിഷേല്‍ ഒബാമയിലെത്തി നില്‍ക്കുന്നു. ഒബാമ പ്രസിഡന്‍റായിരുന്ന എട്ടുവര്‍ഷം വൈറ്റ് ഹൗസിലെ പ്രഥമ വനിതയായിരുന്ന മിഷേല്‍, ഒബാമയുടെ നിഴലില്‍ ജീവിച്ചയാളല്ല. 

അടുത്തിടെ നടന്ന അഭിപ്രായ സര്‍വേകളില്‍ പോരാട്ടം ട്രംപും മിഷേലും തമ്മിലായാല്‍, മിഷേലിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ നിന്ന് വഴി മാറി നടന്ന മിഷേല്‍ മല്‍സരത്തിനില്ലെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഡെമോക്രാറ്റുകളുെട നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ ക്ലൈമാക്സില്‍ മാസ് എന്‍ട്രി നടത്തുമോ എന്ന ആശങ്കയിലാണ് റിപ്പബ്ലിക്കന്‍മാരും.