TOPICS COVERED

ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. ലോകത്തിന്‍റെ തന്നെ ഗതിനിര്‍ണയിക്കാന്‍ കെല്‍പുള്ള ഭരണാധികാരികളെ ചുമതലപ്പെടുത്തുന്നതിന് നിര്‍ണായകമായ തിരഞ്ഞെടുപ്പ്. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനക് വീണ്ടും ഭരണത്തിലേറുമോ? അതോ പ്രവചനങ്ങള്‍ പറയും പോലെ ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാമര്‍ പ്രധാനമന്ത്രിയാകുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയാകുന്നത്.

അസ്ഥിരമായൊരു ഭരണചക്രത്തിലേക്കാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക് 2022 ഒക്ടോബര്‍ 25 ന് ചുമതലയേല്‍ക്കുന്നത്. 14 വര്‍ഷമായി ബ്രിട്ടന്‍ ഭരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ്. ബ്രെക്സിറ്റും, അനിയന്ത്രിതമായ പണപ്പെരുപ്പവും സാമ്പത്തിക ബുദ്ധിമുട്ടുകളുമൊക്കെ ഭരണവിരുദ്ധ വികാരം സൃഷ്ടിച്ച സാഹചര്യത്തിലായിരുന്നു സുനക് ചുമതലയേറ്റത്. 2025 ജനുവരി വരെയെങ്കിലും പ്രധാനമന്ത്രി പദത്തില്‍ തുടരാനാകുമായിരുന്നിട്ടും, അത്മവിശ്വാസമോ ആശങ്കയോ എന്തുതന്നെയായാലും തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ സുനക് തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ സുനക്കിന് പിഴച്ചെന്നാണ് ബ്രിട്ടനിലെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണം അവസാനിക്കുമെന്നും അത് വമ്പന്‍ തോല്‍വിയോടെയായിരിക്കുമെന്നുമാണ് പ്രവചനം. സുനക്കിന് പിഴച്ചതെവിടെയാണ്? ലേബര്‍ പാര്‍ട്ടിയിലേക്ക്, അതിന്‍റെ നേതാവായ കീര്‍ സ്റ്റാമറിലേക്ക് ജനം പ്രതീക്ഷ വയ്ക്കാന്‍ കാരണമെന്തായിരിക്കും?

ഏറ്റവുമധികം ചര്‍ച്ചയാകുന്നത് കുടിയേറ്റ നിയമങ്ങള്‍ തന്നെയാണ്. സര്‍ക്കാര്‍ നയം നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്ക് ഊര്‍ജം പകരുന്നതെന്ന ആരോപണമുയര്‍ന്നപ്പോള്‍ അതിനെ മറികടക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു സുനക് സര്‍ക്കാര്‍. വിദ്യാര്‍ഥികളുടെ വരവില്‍ പോലും നിയന്ത്രണങ്ങളേര്‍പ്പെടുത്തി. കുടിയേറ്റം മാത്രമല്ല ആരോഗ്യരംഗം, തദ്ദേശീയരുടെ ഭവന പദ്ധതികള്‍, ബ്രെക്സിറ്റിന് ശേഷമുള്ള സാമ്പത്തിക നയങ്ങള്‍, പാരിസ്ഥിതിക കാലാവസ്ഥാ പ്രശ്നങ്ങള്‍ അങ്ങനെ വിവിധവിഷയങ്ങളില്‍ ഭരണനയങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന കാഴ്ച. പണപ്പെരുപ്പം താഴ്ത്താനായതും നികുതിഭാരമില്ലാതെ വിലക്കയറ്റം നിയന്ത്രിക്കാനായതും ഭരണനേട്ടമായി സുനക് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. സാമ്പത്തിക മേഖലയില്‍ മുന്‍ഗാമികളേക്കാള്‍‌ മെച്ചപ്പെട്ട പരിഷ്കാരങ്ങള്‍ വരുത്താനായെന്ന് സുനക് പറയുന്നുണ്ടെങ്കിലും അത് പാര്‍ട്ടിക്കകത്തെ സ്വീകാര്യതയ്ക്കപ്പുറം പ്രതിഫലിക്കുന്നുണ്ടോയെന്ന് സംശയമാണ്.

അങ്ങനെ ഒരായിരം പ്രശ്നങ്ങള്‍ മുന്നിലുള്ളപ്പോഴാണ് മറ്റൊരു പ്രശ്നത്തില്‍ക്കൂടി സുനകും പാര്‍ട്ടിയും പ്രതിക്കൂട്ടിലാകുന്നത്. തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രധാന കണ്‍സര്‍വേറ്റീവ് നേതാക്കള്‍ വാതുവയ്പ് നടത്തിയെന്ന ആരോപണം ബ്രിട്ടനില്‍ കത്തിനില്‍ക്കുകയാണ്. അംഗരക്ഷകന്‍ തന്നെ അറസ്റ്റിലായത് സുനക്കിന് തിരിച്ചടിയായി. ലേബര്‍ പാര്‍ട്ടിക് ബ്ലാങ്ക് ചെക്ക് വച്ചുനീട്ടരുതെന്ന സുനക്കിന്‍റെ അഭ്യര്‍ഥനകളില്‍  കടുത്ത മല്‍സരത്തിന്‍റെ തീവ്രതയേക്കാള്‍ നിസഹായതയാണ് നിഴലിക്കുന്നത്. മറുവശത്ത്, സ്ഥിരതയാര്‍ന്ന, സന്തുലിതമായ തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള നേതാവായാണ് ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാമറിനെ ജനം കാണുന്നത്.

തീവ്ര ഇടതുപക്ഷക്കാരനായ ജെറെമി കോബിന്‍റെ പിന്‍ഗാമിയായി ലേബര്‍ പാര്‍ട്ടി നേതൃത്വത്തിലെത്തിയ സ്റ്റാമര്‍ ഇടതുനയങ്ങളെയെല്ലാം അക്ഷരാര്‍ഥത്തില്‍ വലതുപാളയത്തിലെത്തിച്ചു. കുടിയേറ്റം, വിദേശനയം തുടങ്ങിയവയിലെല്ലാം ടോറികളുടെ കാഴ്ചപ്പാട് സ്റ്റാമര്‍ സ്വന്തം സ്റ്റൈലില്‍ അവതരിപ്പിച്ചു. ഫലമോ, പല നയങ്ങളിലും സമാനതകളുണ്ടെങ്കിലും വ്യത്യസ്ത സമീപനത്തിലൂടെ സ്റ്റാമര്‍ ജനങ്ങളിലേക്കിറങ്ങി. ഒരേ അധികാരവര്‍ഗം ഒരു ദശകത്തോളം ഭരണചക്രത്തിലിരുന്ന് വെറുപ്പിച്ചെന്ന് സ്റ്റാമര്‍ വിളിച്ചുപറയുന്നത് ജനം ശരിവയ്ക്കുന്ന കാഴ്ച.

ഗാസ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ചില മുസ്ലിം നേതാക്കള്‍ സ്റ്റാമര്‍ പാളയത്തില്‍ നിന്നിറങ്ങിയെങ്കിലും പരമ്പരാഗത വോട്ടുബാങ്കുകളില്‍ വിള്ളലുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ലേബര്‍ പാര്‍ട്ടി. സര്‍വേ ഫലങ്ങള്‍ പറയും പോലെ കണ്‍സര്‍വേറ്റീവുകളെ തൂത്തെറിങ്ങ് ലേബര്‍ പാര്‍ട്ടി അധികാരം പിടിക്കുമെന്ന് എതിര്‍പക്ഷം പോലും അംഗീകരിച്ചമട്ടാണ്. മറ്റു പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തന്നെ സ്റ്റാമര്‍ക്ക് അധികാരം പിടിക്കാമെന്നാണ് വിലയിരുത്തല്‍.

ബ്രിട്ടനെ ആര് ഭരിക്കുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ആകെയുള്ള 650 മണ്ഡലങ്ങളില്‍ 326 സീറ്റുകള്‍ നേടിയാല്‍ ഭൂരിപക്ഷമാകും. 543 മണ്ഡലങ്ങള്‍ ഇംഗ്ലണ്ടിലും 57 എണ്ണം സ്കോട്‍ലന്‍ഡിലും 32 വെയില്‍സിലും ബാക്കി 18 എണ്ണം വടക്കന്‍ അയര്‍ലന്‍ഡിലുമാണ്. എഴുപത്തയ്യായിരത്തിനും താഴെയാണ് ഓരോ മണ്ഡലങ്ങളിലേയും വോട്ടര്‍മാരുടെ എണ്ണം. വെള്ളിയാഴ്ച ഉച്ചയോടെ അന്തിമഫലമെത്തുമ്പോള്‍ ചാള്‍സ് മൂന്നാമന് മുന്നില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കയ്യുയര്‍ത്തുന്നതാരെന്ന് കണ്ടറിയണം. ഒപ്പം റിഷി സുനക്കെന്ന ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ ഇനിയുള്ള വഴി എന്തെന്നുമറിയണം...