ഉജ്ജ്വല വിജയത്തിനുപിന്നാലെ ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായി വനിതയെ ധനമന്ത്രിയായി നിയമിച്ച് പ്രധാനമന്ത്രി കെയ്‌ര്‍ സ്റ്റാര്‍മര്‍. സാമ്പത്തിക വിദഗ്ധയായ റെയ്ച്ചല്‍ റീവ്സാണ് പുതിയ ധനമന്ത്രി. ബ്രിട്ടന്റെ സമ്പന്നതയും പ്രതാപവും തിരിച്ചുപിടിക്കുമെന്ന വാഗ്ദാനം നിറവേറ്റുമെന്ന് പ്രഖ്യാപിച്ച് ടെന്‍ ഡൗണിങ് സട്രീറ്റില്‍ കെയ്ര്‍ സ്റ്റാര്‍മര്‍ തന്റെ ദൗത്യം തുടങ്ങി. മലയാളിയായ സോജന്‍ ജോസഫ് ഉള്‍പ്പെടെ 28 ഇന്ത്യന്‍ വംശജരാണ് ഇത്തവണ ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രധാനമന്ത്രി പദമേറ്റതിന് പിന്നാലെ ഔദ്യോഗിക വസതിക്കുമുന്നില്‍ മാധ്യമങ്ങളെ കണ്ട കെയ്ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടന്റെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനം തുടങ്ങിയെന്ന് പ്രഖ്യാപിച്ചു. ജനങ്ങള്‍ അര്‍പിച്ച വിശ്വാസം കാക്കുമെന്നും സ്റ്റാര്‍മര്‍.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ മുന്‍ സാമ്പത്തിക വിദഗ്ധയാണ് ബ്രിട്ടന്റെ ആദ്യ വനിത ധനമന്ത്രിയാകുന്ന റീവ്സ്. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ വേണ്ട തിരുത്തലും പരിഷ്കരണവും കൊണ്ടുവരികയാണ് നാല്‍പത്തഞ്ചുകാരിയായ റീവ്സിന് മുന്നിലെ വെല്ലുവിളി. ആഞ്ജല റെയ്നറാണ് ഉപപ്രധാനമന്ത്രി. ഡേവിഡ് ലാമിയാണ് വിദേശകാര്യമന്ത്രി. ജോണ്‍ ഹേലി പ്രതിരോധവകുപ്പ് നയിക്കും.
യുക്രെയ്ന്‍, ഗാസ യുദ്ധസാഹചര്യമാണ് ഇരുവര്‍ക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി. വെസ് സ്ട്രീറ്റിങ് ആരോഗ്യ വകുപ്പും
ഇവെറ്റ് കൂപ്പര്‍ ആഭ്യന്തരവകുപ്പും നയിക്കും. പരാജയപ്പെട്ട പ്രധാനമന്ത്രി ഋഷി സുനക് ഉള്‍പ്പെടെ 28 ഇന്ത്യന്‍ വംശജരാണ് ഇത്തവണ പാര്‍ലമെന്റിലെത്തിയത്. ആഭ്യന്തര സെക്രട്ടറിമാരായിരുന്ന സ്യൂവെല്ല ബ്രേവര്‍മാനും പ്രീതി പട്ടേലും കണ്‍സര്‍വേറ്റിവീവ് പാര്‍ട്ടിയില്‍ നിന്ന് ജയിച്ച ഇന്ത്യന്‍ വംശജരില്‍ ഉള്‍പ്പെടുന്നു. ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ച മലയാളി സോജന്‍ ജോസഫ് അടക്കം 12 പേര്‍ ആദ്യമായാണ് ബ്രിട്ടിഷ് പാര്‍ലമെന്റിലെത്തുന്നത്.