Image Credit: www.lancs.live

ഗര്‍ഭിണിയായ മലയാളിക്ക് കാറിടിച്ച് ഗുരുതര പരുക്കേല്‍ക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തില്‍ ആറുപേര്‍ യു.കെയില്‍ പിടിയില്‍.  വയനാട് സ്വദേശിയായ യുവതിക്കാണ് സെപ്റ്റംബര്‍ 29ന് ലങ്കാഷ്​യറിലെ ബാംബര്‍ ബ്രിജിന് സമീപം വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേല്‍ക്കുകയും ആണ്‍കുഞ്ഞിനെ നഷ്ടമാവുകയും ചെയ്തത്. 

കഴിഞ്ഞ ‌ഞായറാഴ്ച രാത്രി ഏകദേശം എട്ടുമണിയോടെ സീബ്ര ക്രോസിങിലൂടെ റോഡ് മുറിച്ച് കടക്കവേയാണ് യുവതിയെ കാറിടിച്ചത്. അതിവേഗത്തിലെത്തിയ കാര്‍ യുവതിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. സീബ്ര ക്രോസിങില്‍ നിന്ന് 30 അടി അകലെയായി ബോധരഹിതയായ നിലയിലാണ് യുവതി കിടന്നതെന്ന് പ്രദേശവാസികള്‍ പൊലീസില്‍ മൊഴി നല്‍കി. ഉടനടി സ്ഥലത്തെത്തിയ ആംബുലന്‍സ് യുവതിക്ക് ചികില്‍സ നല്‍കുകയും ആശുപത്രിയേക്ക് മാറ്റുകയുമായിരുന്നു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. 

അടുത്തുള്ള കെയര്‍ ഹോമില്‍ ജോലിക്കായി പോകുമ്പോഴാണ് യുവതിക്ക് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രിന്‍സ്റ്റണിലാണ് ഇവര്‍ താമസിച്ചിരുന്നത്. കടും ചാര നിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറില്‍ സഞ്ചരിച്ച സംഘമാണ് യുവതിയെ ഇടിച്ചിട്ടതെന്ന്  പൊലീസ് പിന്നീട് കണ്ടെത്തി. കാര്‍ പിന്നീട് ബോള്‍ട്ടനില്‍ വച്ച് പൊലീസ് പിടികൂടുകയും ചെയ്തു. കാറിലുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തെന്നും ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി. 

ഡാഷ് ക്യാം ദൃശ്യങ്ങളോ, സിസിടിവി ദൃശ്യങ്ങളോ കൈവശമുള്ളവരും നേരിട്ട് അപകടം കണ്ടവരോ ആ സമയത്ത് അതുവഴി കടന്നുപോയവരോ ഉണ്ടെങ്കിലും സ്വമേധയാ മുന്നോട്ട് വരണമെന്നും അത്രയ്ക്കും ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും പൊലീസ് അറിയിച്ചു. അപകടത്തില്‍ സാരമായി പരുക്കേറ്റ യുവതിയുടെ കുടുംബത്തോടൊപ്പമുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അപകടമുണ്ടാക്കിയ സമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്.  

ENGLISH SUMMARY:

Six people are arrested in hit and run case near Bambur Bridge, UK. Despite paramedics quickly taking the pregnant woman to hospital for emergency surgery to deliver her infant child, the baby did not make it and she remains in a critical condition.